തിരുവനന്തപുരം•അട്ടപ്പാടിയില്‍ ജനക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലിസ് കോണ്‍സ്റ്റബിള്‍. ഇവര്‍ ഉള്‍പ്പെടെയുള്ള 74 ആദിവാസി യുവതി-യുവാക്കള്‍ക്കുള്ള നിയമന ഉത്തരവ് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ എല്ലാ വിഭാഗങ്ങളെയും കൈപിടിച്ച് മുഖ്യധാരയില്‍കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ആദിവാസി സമൂഹത്തില്‍പെട്ടവര്‍ക്ക് പൊലിസില്‍ ജോലി നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസി വിഭാഗത്തില്‍പെട്ട 74 യുവതീ-യുവാക്കള്‍ക്ക് പൊലിസില്‍ ജോലി നല്‍കുന്നതിന്റെ ഉത്തരവ് വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രാക്തന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പി.എസ്.സിയിലൂടെ ജോലി നല്‍കുന്നതോടെ ചരിത്രത്തിലെ സവിശേഷ മുഹൂര്‍ത്തത്തിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത്. മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് വളരെ പെട്ടന്നു ജോലി നല്‍കാന്‍ സാധിച്ചതും സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ്. സാമൂഹിക നീതിയും സമഗ്രവികസനവുമാണ് സര്‍ക്കാരിന്റെ നയം. പട്ടികവര്‍ഗ ജനവിഭാഗങ്ങളെപ്പോലെ മല്‍സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, മറ്റ് പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ എന്നിവരെകൂടി പൊതുസമൂഹത്തിന്റെ ഭാഗമാക്കി ഉയര്‍ത്തുമ്പോഴേ സംസ്ഥാനത്തിന്റെ സാമൂഹിക പുരോഗതിയും സാമ്പത്തിക വളര്‍ച്ചയും പൂര്‍ണമാവുകയുള്ളു. അത്തരം പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.
നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചില ആനുകൂല്യങ്ങള്‍ ഇത്തരം സമൂഹങ്ങള്‍ക്ക് പൊതുവില്‍ ലഭിക്കുന്നുണ്ടെങ്കിലും പ്രത്യേക പാക്കേജിലൂടെ മാത്രമേ പിന്നാക്ക സമൂഹങ്ങളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പട്ടതാണ്. എന്നാല്‍ പൊതു ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട് എന്ന് തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടു തന്നെ ആദിവാസി വിഭാഗങ്ങളുടെ ഭൂമിയിന്മേലുള്ള അവകാശവും ഭൂമിയും ഉറപ്പാക്കുകയും വീടുകളിലും കോളനികളിലും താമസിക്കുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ലഭ്യമാക്കുകയും ചെയ്യും. തീവ്രവാദമുള്‍പ്പെടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അദിവാസി സമൂഹത്തിന്റെ അരക്ഷിതാവസ്ഥ മുതലെടുത്ത് ചിലര്‍ നടത്തുന്നുണ്ട്. ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് പൊലിസില്‍ ജോലി നല്‍കുന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയും. കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയുംപേര്‍ക്ക് ജോലി നേടിക്കൊടുക്കാന്‍ പി.എസ്.സി നടത്തിയ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി ശ്ലാഹിച്ചു. ആദിവാസി സമൂഹത്തിലുള്ള കൂടുതല്‍പേര്‍ക്ക് ജോലി നല്‍കുന്ന പ്രവര്‍ത്തനം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക നിയമ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് ആശംസ നേര്‍ന്നു. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ സ്വാഗതവും എ.ഡി.ജി.പി അനില്‍ കാന്ത് നന്ദിയും പറഞ്ഞു.
Post Your Comments