ഭുവനേശ്വര്‍•പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്ത ഒഡിഷ മുന്‍ എം.എല്‍.എയെ ബി.ജെ.ഡിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വാര്‍ത്ത വന്നതിന് പിന്നാലെയാണ് മുന്‍ ബിജു ജനതാ ദള്‍ (ബി.ജെ.ഡി) എം.എല്‍.എയായ നബിന്‍ നന്ദയെ ബി.ജെ.ഡി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് സസ്പെന്‍ഡ് ചെയ്തത്.
ശനിയാഴ്ചയാണ് സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വേശ്യാലയത്തില്‍ നിന്നും നന്ദ പിടിയിലായത്. സിറ്റിയിലെ പാര്‍ക്ക് സ്ട്രീറ്റ് പ്രദേശത്തെ ബ്യൂട്ടി പാര്‍ലറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 പേര്‍ അറസ്റ്റിലായിരുന്നു.
ഇവരില്‍ 9 പേര്‍ ലൈംഗിക തൊഴിലാളികളാണ്. മൂന്ന് ഇടപാടുകാരും മാനേജരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അന്വേഷണം നടക്കുകയാണെന്നും ബെനിയപുകുര്‍ പോലീസ് പറഞ്ഞു.
നന്ദയുടെ അറസ്റ്റ് സ്ഥിരീകരിച്ച നന്ദയുടെ അഭിഭാഷകന്‍ അശ്വിനി കുമാര്‍ അനാശാസ്യ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്നും ഞായറാഴ്ച ജാമ്യം ലഭിച്ചതായും അറിയിച്ചു.
അതേസമയം, പെണ്‍വാണിഭ സംഘവുമായുള്ള ബന്ധം നിഷേധിച്ച നന്ദ തനിക്കെതിരെ നടന്നത് ഗൂഡാലോചനയാണെന്ന് ആരോപിച്ചു. ഒരു പോക്കറ്റടിക്കാരനെ പിടിക്കാനായി ശ്രമത്തിനിടെയാണ് താന്‍ സ്പായില്‍ കയറിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഷോപ്പിംഗിനായി പുറത്ത് പോയപ്പോള്‍ എന്റെ വാലറ്റും മൊബൈല്‍ ഫോണും പോക്കറ്റടിക്കപ്പെട്ടു. ഞാന്‍ അയാളുടെ പിറകെ ഓടി. അയാള്‍ സ്പായിലേക്ക് കയറി. ഞാനും അയാളെ തേടി സ്പായിലേക്ക് കയറിയതും ഇടപാടുകാരനെന്ന് സംശയിച്ച് പോലീസ് എന്നെ പിടികൂടുകയായിരുന്നു. എന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല’-നന്ദ പറഞ്ഞു.
സ്പാ സന്ദര്‍ശിക്കാന്‍ തനിക്കൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നന്ദ പറഞ്ഞു.
Post Your Comments