തിരുവനന്തപുരം : മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവും, എംപിയുമായ വി മുരളീധരൻ. മുഖ്യമന്ത്രി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഈ സംഭവം നടന്നതിന് ശേഷവും നിലപാട് വ്യക്തമാക്കാനും കർശന നടപടികൾ എടുക്കാനും സിപിഎം വൈമനസ്യം കാണിക്കുന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ ഒളിച്ചുകളിയെന്നു അദ്ദേഹം പറയുന്നു.
ബിജെപി, ആർഎസ്എസ് പ്രചരണ സാമഗ്രികൾക്കെതിരെ എറണാകുളത്തും തിരുവനന്തപുരത്തും സിപിഎം നടത്തിയ ആക്രമണങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിപിഎം അണികൾക്കിടയില്‍ ഭീകരവാദികൾക്കെതിരെ ഉണ്ടായിട്ടുള്ള രോഷം വഴി തിരിച്ച് വിടാനാണ് ബിജെപി, ആർഎസ്എസ് പ്രചരണ സാമഗ്രികൾ നശിപ്പിച്ച് കൊണ്ട് സിപിഎം ശ്രമിക്കുന്നത്. കൊലപാതകികൾ ആരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി അത് തുറന്ന് പറയാതിരിക്കുന്നത് അവരെ സംരക്ഷിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജിഹാദി ഭീകരവാദികളാൽ അഭിമന്യു കൊല ചെയ്യപ്പെട്ട സംഭവം കേരളത്തിൽ വർദ്ധിച്ചു വരുന്ന ഭീകരവാദ പ്രവർത്തനത്തിന്റെ അപകടകരമായ സൂചനയാണ് ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ്സ് സർക്കാരുകളുടെ ഭരണത്തിന്റെ തണലിലും സംരക്ഷണയിലുമാണ് കേരളത്തിൽ ഉടനീളം ജിഹാദി ഭീകരവാദികൾ ശക്തി പ്രാപിച്ചത്. കേരളത്തിൽ ജിഹാദി ഭീകരവാദികൾ ശക്തി പ്രാപിക്കുന്നുവെന്ന കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടുകൾ ഗൗരവത്തിലെടുക്കാത്ത സിപിഎം സമീപനമാണ് ഇവർക്ക് കേരളം വളക്കൂറുള്ള മണ്ണാക്കിയത്. ഈ ശക്തികളുടെ സഹായം വിവിധ ഘട്ടങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും തേടാനും ഇവർക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകാനും തയ്യാറായതിന്റെ തിക്തഫലമാണ് ഇപ്പോഴുണ്ടായിട്ടുള്ള സംഭവം.
അതിനാൽ സിപിഎം ഇനിയെങ്കിലും ഒളിച്ച് കളി അവസാനിപ്പിച്ച് ജിഹാദി ഭീകരവാദികളെ ശക്തമായി അമർച്ച ചെയ്യാനും കാമ്പസുകളെ അവരുടെ വിഹാര രംഗമാകുന്നത് തടയാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും എബിവിപിയെ പോലുള്ള പ്രസ്ഥാനങ്ങളെ നേരിടാൻ ഭീകരവാദ പ്രസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാട് ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണമെന്നും മുരളീധരൻ പറഞ്ഞു.
Also read : അഭിമന്യുവിന്റെ കൊലപാതകം രണ്ടു പേര്‍ കൂടി പിടിയില്‍
Post Your Comments