മുംബൈ : മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ ആമസോൺ, പെപ്സി, കൊക്കകോള, എച്ച് ആൻഡ് എം തുടങ്ങിയ നിരവധി ബഹുരാഷ്ട്ര കമ്പനികൾ നിരോധനം സംബന്ധിച്ച ചട്ടങ്ങളിൽ അയവ് വരുത്താൻ മഹാരാഷ്ട്ര സർക്കാരിന് അപേക്ഷ നൽകി.
ഈ മാസം ആദ്യം മുതൽ പ്രാബല്യത്തിൽ വന്ന നിരോധനത്തിന്റെ അടിസ്ഥാനത്തിൽ പാക്കേജിംഗിന് വേണ്ടി പ്ലാസ്റ്റിക് ആശ്രയിക്കുന്ന കമ്പനികൾക്കുള്ള ചെലവ് ഭീമമായി വർധിക്കും. വിവിധ കമ്പനികൾ, പ്ലാസ്റ്റിക് വ്യവസായ സംഘടനകൾ, ലോബി ഗ്രൂപ്പുകൾ തുടങ്ങിയവർ നിരോധനം നിലവിൽ വരുന്നതിനു മുൻപ് തന്നെ നിയമത്തിൽ ഇളവും നടപ്പിലാക്കാൻ സമയവും ആവശ്യപ്പെട്ടു കൊണ്ട് മഹാരാഷ്ട്രയിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒരു രാത്രി കൊണ്ട് നടപ്പിലാക്കാൻ കഴിയുന്നതല്ല ഈ നിയമം എന്നും തങ്ങൾക്ക് ഈ മേഖലയിൽ നിക്ഷേപങ്ങളും തിരിച്ചടക്കാൻ ലോണുകളുമുണ്ടെന്ന് ഇന്ത്യയിലെ പ്ലാസ്റ്റിക് ബാഗ്സ് നിർമാതാക്കളുടെ സംഘടനയായ പി.ബി.എം.എ.ഐയുടെ ജനറൽ സെക്രട്ടറി നീമിറ്റ് പുനമിയ പറഞ്ഞു. കൂടാതെ ഇതിനു ഇതരസംവിധാനം കൊണ്ടുവരുന്നതിന് ഏഴു വർഷമെങ്കിലും സമയം അവനുവദിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
Read also:കുപ്പിവെള്ളവും മീനും മാത്രമല്ല, പ്രമുഖ ബ്രാന്‍ഡുകളുടെ പാലും മാരക വിഷം
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ്, ഇൻറർനെറ്റ്, മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകൾ നിരോധനം പുനഃപരിശോധിക്കാനും ചില നിയമങ്ങൾ ലഘൂകരിക്കാനും സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതോടുകൂടി പെപ്സിയും കൊക്കക്കോളയും കാലി കുപ്പികൾ തിരികെ വാങ്ങാൻ നിർബന്ധിതരാകുമെന്നും ഇതിനായി നിശ്ചിത വില നൽകേണ്ടിവരുന്നത് തങ്ങളുടെ ചിലവ് ക്രമാധീതമായി കൂട്ടുമെന്നാണ് കമ്പനികൾ ഉയർത്തുന്ന മറ്റൊരു വാദം.
അതേസമയം നിരോധനം നിലവിൽ വന്ന ശേഷം ഉദ്യോഗസ്ഥർ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം നിയോഗിച്ച സ്‌ക്വാഡുകൾ സംസ്ഥാനത്തെ വിവിധ കടകളിലും ഹോട്ടലുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
Post Your Comments