KeralaArticle

‘വിപ്ലവത്തിന്റെ അഗ്നി നാമ്പുകളില്‍ തളിര്‍ത്ത ചുവന്ന പൂമരം’ : രാഷ്ട്രീയ കേരളത്തിന്റെ മുത്തശ്ശി കെ ആര്‍ ഗൌരിയമ്മ നൂറിന്റെ നിറവില്‍

കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി ഗൗരിയമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാൾ. സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ എന്ന കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിൽ പെട്ട കെ.ആർ. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയായിരുന്നു.

മിഥുനമാസത്തിലെ തിരുവോണനാളിലാണ് കെ. ആര്‍ ഗൌരിയമ്മയുടെ പിറന്നാള്‍. 1919 ജൂലൈ 14ന് ചേര്‍ത്തലയില്‍ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായാണ് ഗൌരിയമ്മ ജനിച്ചത്. പതിറ്റാണ്ടുകള്‍നീണ്ട കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനത്തിനൊടുവില്‍ സിപിഐഎമ്മില്‍നിന്ന് പടിയിറങ്ങി 1994ല്‍ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ചു. മുന്നണി മാറ്റമുണ്ടായാലും കേരള രാഷ്ട്രീയത്തില്‍ ഗൗരിയമ്മക്ക് പകരക്കാരക്കാരാകാന്‍ ആരുമില്ല. 1957-ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി.

എന്നാൽ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ വിഭിന്ന ചേരികളിലായി. തുടർന്ന് അവർ പിരിഞ്ഞുതാമസിച്ചു. കുട്ടികളില്ല.വിദ്യാർത്ഥി ആയിരിക്കുമ്പോൾമുതൽ തന്നെ രാഷ്ട്രീയത്തിൽ ഗൗരിയമ്മ സജീവമായിരുന്നു. 1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി.

പ്രഥമ കേരള മന്ത്രിസഭയിലെ റെവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ. 1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റെവന്യൂ വകുപ്പുമന്ത്രി എന്ന നിലയിൽ ഗൗരിയമ്മയായിരുന്നു ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം (1957), കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും പാസ്സാക്കിയതും നടപ്പിൽ വരുത്തിയതും. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.

പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. പ്രസിദ്ധ മലയാളകവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ‘ഗൗരി’ എന്ന കവിത ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നുണ്ട്.

‘കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.’

 

shortlink

Related Articles

Post Your Comments


Back to top button