തിരുവനന്തപുരം : വാര്‍ത്തകള്‍ വളച്ചൊടിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം കൊല്ലത്തെ കാലിവ്യാപാരിയെ ഗോ സംരക്ഷണത്തിന്റെ മറവിൽ ആർ എസ് എസുകാർ അക്രമിച്ചെന്ന് വാർത്ത വിവാദമായിരുന്നു. കൂടാതെ ഗോസംരക്ഷകരുടെ ആക്രമണം എന്ന തലക്കെട്ടോടെ ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് കൊല്ലം ജില്ലയില്‍ തെറ്റിദ്ധാരണകല്‍ ഉണ്ടാക്കി സാമുദായിക സംഘര്‍ഷത്തിലേക്ക് വഴിവെക്കുന്ന രീതിയിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
പോലിസും ദൃക്‌സാക്ഷികളും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയെങ്കിലും വാര്‍ത്ത നല്‍കിയ സ്ഥാപനങ്ങള്‍ ഖേദപ്രകടനം നടത്താന്‍ പോലും തയ്യാറായില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ പക്ഷപാതപരമായും തികഞ്ഞ ദുരുദ്ദേശത്തോടെയും ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്ന ഇക്കാലത്ത് സാമൂഹ്യമാധ്യമങ്ങളുടെ ഉത്തരവാദിത്തം വലുതാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.ബൈക്കുയാത്രികനും മാടിനെ കൊണ്ടുപോയ ഡ്രൈവറും തമ്മിൽ നടുറോഡിൽ നടന്ന ഒരു കശപിശ എത്ര വേഗത്തിലും നിഷ്കരുണവുമാണ് കാട്ടുതീ പോലെ ഒരു കൂട്ടം മാധ്യമങ്ങൾ പടർത്തിയത്.
ഈ വാർത്തയുടെ പ്രത്യാഘാതം ചില്ലറയാണോ? ജനങ്ങൾക്കിടയിൽ ഭീതിയും സംശയവും സംഘർഷവും വളർത്തി നേട്ടമുണ്ടാക്കുക എന്നതു മാത്രമായിരുന്നു ഉദ്ദേശം. ഇങ്ങനെ പ്രതിദിനം എത്രയെത്ര വാർത്തകൾ. നാലു പത്രം വായിച്ചാലും നാലു ചാനലുകളിലെ വാർത്ത കേട്ടാലും ഒരു ശരാശരി പൗരന് ഒരു വാർത്തയുടെ നിജസ്ഥിതി അറിയാൻ കഴിയാത്ത ദുരവസ്ഥയാണെന്നും സുരേന്ദ്രൻ പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
ആധുനിക കാലത്തെ പൊതുജീവിതത്തിൽ സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം ചെറുതല്ല. രാഷ്ട്രീയരംഗത്ത് പ്രത്യേകിച്ചും. മുഖ്യധാരാ മാധ്യമങ്ങൾ പക്ഷപാതപരമായും തികഞ്ഞ ദുരുദ്ദേശത്തോടെയും വാർത്തകൾ പടച്ചുവിടുന്ന ഇക്കാലത്ത് സാമൂഹ്യമാധ്യമങ്ങളുടെ ഉത്തരവാദിത്തം വലുതാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ട ഒരു കമൻറാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്. ഇത് എഴുതിയിരിക്കുന്നയാൾ ഒരു സംഘപരിവാറുകാരനല്ലെന്ന് വ്യക്തവുമാണ്. കഴിഞ്ഞ ദിവസം കേരളത്തിലും ഗോസംരക്ഷകരുടെ അക്രമം എന്ന തലക്കെട്ടോടെ ചില മാധ്യമങ്ങൾ പടച്ചുവിട്ട ദുരുദ്ദേശപരമായ വാർത്തയുടെ നിജസ്ഥിതി ബോധ്യപ്പെടാൻ അദ്ദേഹത്തിന്റെ വെറും നാലുവാചകങ്ങൾക്കു കഴിഞ്ഞിരിക്കുന്നു.
ബൈക്കുയാത്രികനും മാടിനെ കൊണ്ടുപോയ ഡ്രൈവറും തമ്മിൽ നടുറോഡിൽ നടന്ന ഒരു കശപിശ എത്ര വേഗത്തിലും നിഷ്കരുണവുമാണ് കാട്ടുതീ പോലെ ഒരു കൂട്ടം മാധ്യമങ്ങൾ പടർത്തിയത്. ഈ വാർത്തയുടെ പ്രത്യാഘാതം ചില്ലറയാണോ? ജനങ്ങൾക്കിടയിൽ ഭീതിയും സംശയവും സംഘർഷവും വളർത്തി നേട്ടമുണ്ടാക്കുക എന്നതു മാത്രമായിരുന്നു ഉദ്ദേശം. ഇങ്ങനെ പ്രതിദിനം എത്രയെത്ര വാർത്തകൾ. നാലു പത്രം വായിച്ചാലും നാലു ചാനലുകളിലെ വാർത്ത കേട്ടാലും ഒരു ശരാശരി പൗരന് ഒരു വാർത്തയുടെ നിജസ്ഥിതി അറിയാൻ കഴിയാത്ത ദുരവസ്ഥ. ഇത്തരം വാർത്തകളുടെ പേരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബലിയാടാക്കപ്പെട്ടതും ക്രൂശിക്കപ്പെട്ടതും സംഘപരിവാർ പ്രസ്ഥാനങ്ങളാണെന്ന വസ്തുത ആർക്കും വിസ്മരിക്കാനാവില്ല.
വ്യക്തിപരമായി നോക്കിയാൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടതുപോലുള്ള ഒരു മാധ്യമവിചാരണ ഈ കഴിഞ്ഞ ദശകങ്ങളിൽ മറ്റാരും നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. എന്നാൽ കോൺഗ്രസ്സ് ചെയ്തതുപോലെ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനോ പ്രതികാരനടപടി സ്വീകരിക്കാനോ നാം തയ്യാറായില്ല. അതിനു കാരണം നമ്മുടെ ആത്മവിശ്വാസമായിരുന്നു. കുപ്രചാരണങ്ങൾ കൊണ്ട് തകർക്കാൻ കഴിയുന്നതല്ല നമ്മുടെ വിശ്വാസ്യത എന്ന ഉറച്ച ബോധ്യം. ജനങ്ങളോട് കൂടുതൽ ചേർന്നു നിൽക്കുക, സാമൂഹ്യമാധ്യമങ്ങളുടെ ശക്തിയെ പ്രയോജനപ്പെടുത്തുക തുടങ്ങിയ ഭാവാത്മകമായ മറുമരുന്നാണ് നാമിതിനു പ്രതിവിധിയായി സ്വീകരിച്ചത്. അതു വൻവിജയമായി മാറിയെന്നതിന് ചരിത്രം സാക്ഷി.
കേരളം ഇത്തരം സംഘടിതാക്രമണങ്ങളുടെ പരീക്ഷണശാലയാണ്. രാജ്യത്തുനടക്കുന്ന ഏത് കുപ്രചരണങ്ങളുടേയും വേരുകൾ തേടിപ്പോയാൽ ഒട്ടുമിക്ക സംഭവങ്ങളിലും അത് കേരളത്തിലായിരിക്കും എത്തിപ്പെടുന്നത് . മതതീവ്രവാദികളും ഇടതു പക്ഷവും വലതുപക്ഷവുമെല്ലാം ഒറ്റക്കെട്ടായാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ നല്ല ചെറുത്തുനിൽപ്പാണ് കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദേശീയപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. നിസ്വാർത്ഥരായി ആയിരക്കണക്കിന് വോളണ്ടിയർമാർ തെരഞ്ഞെടുപ്പുവേളകളിലും അല്ലാത്തപ്പോഴും നടത്തിയ സേവനം മാതൃകാപരമായിരുന്നു. ഇരുമുന്നണികളെയും കടത്തിവെട്ടാനായി പലയിടങ്ങളിലും.
ഉള്ളടക്കത്തിലും ഉദ്ദേശശുദ്ധിയിലും അനുകരണീയമായ പ്രവർത്തനം തന്നെയെന്ന് സമ്മതിക്കേണ്ടിവരും. ഏകോപനമില്ലായ്മ ചിലരെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിയോജിക്കാനും എതിർക്കാനുമുള്ള അനന്തമായ സാധ്യത ഈ രംഗത്തുണ്ട്. വികാരത്തിനടിമപ്പെടാതെ വിവേകത്തോടെ കൈകാര്യം ചെയ്യുമ്പോഴാണ് ശക്തിയും സൗന്ദര്യവും കൂടുന്നത്. വാക്കുകളിലെ മിതത്വം വിയോജിപ്പിൻറെ ശക്തി വർദ്ധിപ്പിക്കുകയേ ഉള്ളൂ. രാഷ്ട്രീയ എതിരാളികളെ ഫലപ്രദമായി നേരിടാനുള്ള കരുത്ത് ചോർന്നുപോകാതെ നോക്കാൻ നമുക്കു കഴിയണം. വയം പഞ്ചാധികം ശതം എന്ന ആപ്തവാക്യം നമുക്കു മറക്കാതിരിക്കാം.
Post Your Comments