ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം 41, കൊല്ലം 38, പത്തനംതിട്ട 26, ആലപ്പുഴ 40, കോട്ടയം 34, ഇടുക്കി 25, എറണാകുളം 40, തൃശൂര്‍ 48, പാലക്കാട് 44, മലപ്പുറം 40, കോഴിക്കോട് 37, വയനാട് 15, കണ്ണൂര്‍ 50, കാസര്‍ഗോഡ് 22 എന്നിങ്ങനെയാണ് ജില്ലകളില്‍ കുടുംബാരോഗ്യ കേന്ദ്രം അനുവദിച്ചത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ഇത്രയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോള്‍ മികച്ച ചികിത്സ പ്രാഥമികതലത്തില്‍ തന്നെ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
ഇതോടുകൂടി ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒ.പി. സമയം രാവിലെ ഒമ്പതു മണിമുതല്‍ വൈകുന്നേരം ആറു മണിവരെയായി മാറും. ഓരോ കേന്ദ്രത്തിലും നിശ്ചയിച്ചിട്ടുള്ള ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ് തുടങ്ങിയവരെ നിയമിക്കുകയും ചെയ്യും.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടേയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീസൗഹൃദ പരിചരണം സാധ്യമാക്കി മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആര്‍ദ്രം മിഷന് ആവിഷ്ക്കരിച്ചത്. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ഒരു നിശ്ചിത പ്രദേശത്തെ ജനങ്ങള്‍ക്ക് സമഗ്രമായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ആദ്യഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. രണ്ടാംഘട്ടമായാണ് 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്.
Post Your Comments