തിരുവനന്തപുരം: പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന 2017-18 ലെ ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ രംഗത്ത് ഇരു വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിപാ വൈറസ് ബാധ സമയത്തും പ്രളയ സമയത്തും ഈ കൂട്ടായ്മ നമ്മള്‍ കണ്ടതാണ്. രോഗ പ്രതിരോധ രംഗത്തും ആശുപത്രികളില്‍ പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിലും ഈ വകുപ്പുകള്‍ ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആര്‍ദ്രം പദ്ധതി കേരളത്തിന്റെ വികസനത്തിന്റെ നാഴിക കല്ലാണ്. ഇത് പൊതുജനാരോഗ്യ രംഗത്തെ ഉണര്‍വാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ വലിയ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കു കീഴിലും മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്റെ കീഴിലുമുള്ള ആശുപത്രികളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലക്ഷ്യ ബോധത്തിലൂടെയുള്ള ഇടപെടലിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ വലിയ മാറ്റം കാണാന്‍ സാധിക്കുമെന്നും മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ കൊല്ലം, കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ കട്ടപ്പന, ഇടുക്കി ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ നീലേശ്വരം, കാസര്‍ഗോഡ് ജില്ല, ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ കിളിമാനൂര്‍, തിരുവനന്തപുരം ജില്ല എന്നിവ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ കോഴിക്കോട്, കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ തൃശൂര്‍, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ അങ്കമാലി, എറണാകുളം ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ റാന്നി, പത്തനംതിട്ട, ജില്ല ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ മുത്തോലി, കോട്ടയം ജില്ല എന്നിവ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ മലപ്പുറം, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ കൂത്താട്ടുകുളം, എറണാകുളം ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ശ്രീകൃഷ്ണപുരം, പാലക്കാട് ജില്ല, ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ ആലപ്പാട്, കൊല്ലം ജില്ല എന്നിവ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.
Post Your Comments