വൈക്കം: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ രണ്ട് വയസുകാരിയുടെ കാലിലെ മുഴുവൻ പ്ലാസ്റ്ററും മാറ്റാതെ മടങ്ങിയ നഴ്സിങ് അസിസ്റ്റന്റിന് സസ്പെന്ഷന്. വൈക്കം താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് എം.എസ്. ലളിതയെയാണ് സംഭവത്തിൽ സസ്പെന്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് സുധീഷും ഭാര്യ രാജിയും മകളുടെ കാലിലെ പ്ലാസ്റ്റർ ഇളക്കുന്നതിനായി ആശുപത്രിയിൽ എത്തിയത്. പ്ലാസ്റ്റര്‍ നീക്കാൻ ഡോക്ടർ പറഞ്ഞതിനെ തുടർന്ന് ഇവർ കുട്ടിയുമായി നഴ്സിങ് റൂമില്‍ എത്തി.
ALSO READ:അമിത വേഗം ചോദ്യം ചെയ്ത യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു
പ്ലാസ്റ്റര്‍ പകുതി നീക്കംചെയ്തപ്പോള്‍ സമയം അഞ്ചുമണിയായി. ഡ്യൂട്ടിസമയം കഴിഞ്ഞെന്നു പറഞ്ഞ് കുട്ടിയെ അവിടെ കിടത്തിയിട്ട് ജീവനക്കാരി പോവുകയായിരുന്നു. ഏറെനേരമായിട്ടും പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ മറ്റു ജീവനക്കാര്‍ ആരും എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നവരോട് വിവരം പറഞ്ഞു. മാതാപിതാക്കളും, ആശുപത്രിയിൽ ഉണ്ടായിരുന്നവരും ബഹളം ഉണ്ടാക്കിയതിനെ തുടർന്ന്
മറ്റൊരു ജീവനക്കാരൻ എത്തി പ്ലാസ്റ്റർ മാറ്റി. എന്നാൽ ജീവനക്കാരിയുടെ ക്രൂരമായ നടപടിക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഇവർക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. കോട്ടയം ജില്ല മെഡിക്കല്‍ ഓഫിസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments