Kerala

നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്നുവീണ് പരിക്കേറ്റു, യുവാവിന് ചികിത്സ നൽകിയില്ല, ആശുപത്രിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്നും നിലത്ത് വീണ് തലക്ക് പരിക്കേറ്റ യുവാവിനോട് സ്വകാര്യ ആശുപത്രി കാണിച്ചത് കടുത്ത അനാസ്ഥയെന്ന് പരാതി. കിളിമാനൂർ സ്വദേശി അജിനാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടെ മരത്തിൽ നിന്നും വീണ് തലക്ക് പരിക്കേറ്റ് മരണപ്പെട്ടത്. ആശുപത്രി അനാസ്ഥക്കെതിരെ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ മൃതദേഹവമായെത്തി പ്രതിഷേധിച്ചു.

ഇന്നലെയാണ് ക്ലബിന്‍റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കിളിമാനൂർ സ്വദേശി അജിൻ നക്ഷത്രങ്ങള്‍ തൂക്കാനും ദീപാലങ്കാരത്തിനുമായി മരത്തിൽ കയറിയത്. ഇറങ്ങുന്നതിനിടെയാണ് അജിൻ താഴെ വീണത്. ചെവിക്ക് പിന്നിലായിരുന്നു പരിക്ക്. സുഹൃത്തുക്കള്‍ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലക്ക് ക്ഷതം സംഭവിച്ചുവെന്ന ഡോക്ടറോട് പറഞ്ഞുവെങ്കിലും സ്കാനിംഗിനോ തുടർ ചികിത്സക്കോ നിർദ്ദേശിക്കാതെ ഗുളികള്‍ നൽകി മടക്കി അയച്ചതായി സുഹൃത്തുക്കള്‍ പറയുന്നു.

രാത്രി വീട്ടിലെത്തി ഉറങ്ങാൻ കിടന്ന അജിൻ രാവിലെ എഴുന്നേറ്റില്ല. ബന്ധുക്കള്‍ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടിൽ നിന്നും അറിനായതെന്ന് കിളിമാനൂർ പൊലിസ് പറയുന്നു. ഇതോടെ ആശുപത്രിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.

കിളിമാനൂർ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ചുലാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button