നെല്‍വയല്‍ സംരക്ഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ജനങ്ങളോട് പറഞ്ഞ ശേഷം അധികാരത്തില്‍ എത്തിക്കഴിഞ്ഞ് നേരെ വിപരീതമായ തീരുമാനമാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്നത്. സംസ്ഥാനത്തെ നെല്‍വയലുകളും മറ്റ് തണ്ണീര്‍തടങ്ങളും വ്യാപകമായി നികത്താനുള്ള സാധ്യതയാണ് സര്‍ക്കാരിന്റെ പുതിയ നിയമത്തിലൂടെ കാണുന്നത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ബില്‍ നിയമ സഭ പാസാക്കിയതോടെ ജന മനസുകളില്‍ തീരാത്ത ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ ആകെയുള്ള കണക്ക് നോക്കിയാല്‍ 5 ശതമാനം മാത്രമാണ് നെല്‍വയലുകളും മറ്റ് തണ്ണീര്‍ തടങ്ങളും അവശേഷിക്കുന്നത്. ഇത് കുത്തക മുതലാളിമാര്‍ക്ക് നികത്തുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നതാണ് പുതിയ ബില്ലിലെ വസ്തുതകള്‍.
ബില്‍ പാസാക്കുന്ന വേളയില്‍ അത് കീറിയെറിഞ്ഞ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തുന്നതാണ് ഇപ്പോഴുള്ള തീരുമാനം. പൊതു ആവശ്യത്തിനായി വയലുകളും തണ്ണീര്‍ തടങ്ങളും നികത്താമെന്നാണ് വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ആവശ്യത്തിനായി എന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുമില്ല. ഇതാണ് ആശങ്കയ്ക്ക് വഴിയൊരുക്കുന്നത്. എന്നാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്ന വ്യവസ്ഥ മറ്റു സര്‍ക്കാര്‍ ആവശ്യത്തിനായി മാറ്റാമെന്ന് മാറ്റിയെഴുതണമെന്ന് സിപിഐ അംഗങ്ങള്‍ രേഖകളോടു കൂടി ആവശ്യപ്പെട്ടെങ്കിലും വോട്ടിന്റെ സമയത്ത് നിലപാട് മാറ്റുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി ഉള്‍പ്പടെയുള്ളവയ്ക്ക് തടസമാകുമെന്ന് കണ്ടതോടെയാണ് മാറ്റാന്‍ തീരുമാനിച്ചത്. ബില്ലിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഇത്രയും കാര്യങ്ങളില്‍ നിന്നും പൊതു സമൂഹം അറിഞ്ഞിരിക്കേണ്ട ചില പ്രധാന സംഗതിയുണ്ട്. ഭൂമാഫിയകള്‍ക്ക് ഏറെ സഹായകരമാകുന്ന തരത്തിലുള്ള ബില്ലാണിതെന്ന് പറയാതിരിക്കാന്‍ വയ്യ. എത്രത്തോളം നെല്‍വയലുകള്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നുവോ അതിന്റെ നല്ലൊരു ഭാഗവും ഇപ്പോള്‍ തന്നെ നികത്തി കഴിഞ്ഞു. നെല്‍വയല്‍ സംരക്ഷണ ബില്ലില്‍ പൊതു ആവശ്യത്തിനായി നികത്താം എന്ന വസ്തുത ചേര്‍ത്തിരിക്കുന്നതിനാല്‍ ഇത് ഫ്‌ലാറ്റ് , വില്ലാ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിസിനസുകാര്‍ക്ക് സഹായകരമാകുമെന്നതില്‍ സംശയമില്ല. അപ്രകാരം വയലുകള്‍ നികത്തിയാല്‍ അതിനു സമീപ പ്രദേശങ്ങളിലുള്ള വയലുകളും മറ്റ് കൃഷി ഭൂമികളും നശിക്കുമെന്നതില്‍ സംശയവുമില്ല. സംസ്ഥാനത്തിന്റെ മികച്ച വരുമാന മാര്‍ഗമായിരുന്ന നെല്‍കൃഷിയെയും അതിലൂടെ ഉപജീവനം നടത്തിയിരുന്ന കര്‍ഷകരേയും ഇല്ലാതാക്കുന്ന വസ്തുതകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മെത്രാന്‍ കായലില്‍ ഉള്‍പ്പടെ കൃഷിയിറക്കുന്നതിന് ഏറെ സഹായ സഹകരണങ്ങള്‍ നല്‍കാന്‍ മുന്‍കൈ എടുത്ത പിണറായി സര്‍ക്കാര്‍ തന്നെ ഇത്തരമൊരു ബില്‍ പാസാക്കിയതിന് പിന്നിലുള്ള യുക്തിയാണ് ജനങ്ങള്‍ക്ക് ഒട്ടും തന്നെ മനസിലാകാത്തത്. കേരളത്തില്‍ ജല ലഭ്യത കുറയുകയും തണ്ണീര്‍ തടങ്ങള്‍ സംരക്ഷിക്കണമെന്ന പരിസ്ഥിതി പഠനങ്ങളുടെ മുന്നറിയിപ്പും സര്‍ക്കാര്‍ അപ്പാടെ മറന്നു പോയെന്ന് തോന്നുന്നു.
അല്ല സര്‍ക്കാര്‍ ബില്ലില്‍ ഭേദഗതി വരുത്തി എന്ന് തന്നെയിരിക്കട്ടെ, നികത്തിയ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങും തിരിച്ചു പിടിക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്നും ഈ അവസരത്തില്‍ ജനമനസുകളില്‍ നിന്നും ചോദ്യമുയരുന്നുണ്ട്. കേരളത്തിന്റെ പരിസ്ഥിതിയുടെയും ഭക്ഷ്യ സുരക്ഷയുടെയും മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ബില്‍ പിന്‍വലിച്ച് ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തിലും ഭൂമാഫിയകളെയും കുത്തക മുതലാളിമാരെയും സംരക്ഷിക്കാത്ത വിധവുമുള്ള ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് കഴിയട്ടെ. ഭരണമെന്നാല്‍ സാധാരണക്കാരന്റെ കണ്ണീരോപ്പുന്നതാകണമെന്ന സത്യം ഇനിയെങ്കിലും ഭരണകര്‍ത്താക്കളുടെ ഉള്ളില്‍ തിളങ്ങി നില്‍ക്കട്ടെ.
Post Your Comments