KeralaLatest NewsNews

ചിത്തിര കായല്‍ പാടശേഖരത്തിലെ രണ്ടാം കൃഷിക്ക് തുടക്കം

 

ആലപ്പുഴ: സംസ്ഥാനത്ത് നെല്‍ക്കൃഷിയില്‍ ഇപ്പോള്‍ മുന്നേറ്റത്തിന്‍റെ കാലമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ചിത്തിര കായല്‍ പാടശേഖരത്തില്‍ രണ്ടാം കൃഷിയുടെ വിത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടം മൂലം മുന്‍പ് കൃഷി ഉപേക്ഷിച്ചവര്‍ പോലും വീണ്ടും നെല്‍ക്കൃഷിയിലേക്ക് മടങ്ങിയെത്തി ലാഭം നേടുന്ന സാഹചര്യമുണ്ടായിരിക്കുന്നു. ഇത് വലിയൊരു മാറ്റത്തിന്‍റെ സൂചനയാണ്. ഓരോ വര്‍ഷവും നെല്ലുത്പ്പാദനം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 7.86 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംസ്ഥാനത്ത് സംഭരിച്ചത്. നിലവിലെ സീസണില്‍ ഇതുവരെ 7.15 ലക്ഷം മെട്രിക് ടണ്‍ സംഭരിച്ചു. ആകെ എട്ട് ലക്ഷം മെട്രിക് ടണ്‍ സംഭരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും കര്‍ഷക സമിതികളും കൃഷിക്കാര്‍ക്കൊപ്പം കൂട്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന് സഹായകമായത്. സംഭരണത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന് ഉദാര സമീപനമാണുള്ളത്. വിവിധ പ്രദേശങ്ങളില്‍ ഉത്പ്പാദിപ്പിക്കുന്ന നെല്ലിനെ പ്രത്യേകം ബ്രാന്‍ഡുകളാക്കി വിപണിയില്‍ എത്തിക്കാന്‍ പാടശേഖര സമിതികള്‍ മുന്‍കൈ എടുക്കണം. അത്തരം ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ മികച്ച സ്വീകാര്യത ലഭിക്കും.

നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട റാണി ചിത്തിര കായല്‍ പാടശേഖരങ്ങളില്‍ വിജയകരമായി കൃഷി നടത്തുന്നതിന് പാടശേഖര സമിതിയെയും കര്‍ഷക സമിതിയേയും അഭിനന്ദിക്കുന്നു. രണ്ടാം വിള കൃഷി കൂടി നടപ്പാക്കുന്നതോടെ ഇവിടെ ഉത്പ്പാദന മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാകും. കൃഷി സുഗമാക്കുന്നതിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. കര്‍ഷകര്‍ക്കുള്ള പണം കളക്ടറുടെ അക്കൗണ്ട് വഴി മാറി നല്‍കുന്നത് ക്രമക്കേടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഉപകരിക്കും.’- അദ്ദേഹം പറഞ്ഞു.

ചിത്തിര കായല്‍ പാടശേഖരത്തില്‍ 500 ഏക്കറില്‍ മനുരത്‌ന ഇനം നെല്ലാണ് രണ്ടാം കൃഷിയായി വിതയ്ക്കുന്നത്. ചടങ്ങില്‍ തോമസ് കെ. തോമസ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button