ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപെങ്ങുമില്ലാത്ത സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. 2019ലെ തിരഞ്ഞെടുപ്പില്‍ മോദി തന്നെ സ്റ്റാര്‍ ക്യാമ്പയിനര്‍ ആകുമെന്നിരിക്കെ അദ്ദേഹം പങ്കെടുക്കുന്ന റോഡ് ഷോകള്‍ കുറയ്ക്കണമെന്നുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സംഘത്തിന്റെ അനുമതിയില്ലാതെ മന്ത്രിമാരടക്കമുള്ളവരെ നരേന്ദ്ര മോദിയുമായി ഇടപഴകാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. അജ്ഞാതമായ സുരക്ഷാഭീഷണികള്‍ മോദിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും കത്തെഴുതിയിട്ടുണ്ട്. ഇനി പ്രധാനമന്ത്രിയെ കാണാന്‍ മന്ത്രിമാര്‍ക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ആവശ്യം വരികയാണെങ്കില്‍ അവരെ മോദിയുടെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) കര്‍ശനമായി പരിശോധിച്ചിരിക്കണം.
പൊതുജനങ്ങളുമായുള്ള ബന്ധം കുറയ്ക്കണമെന്ന സുപ്രധാന നിര്‍ദ്ദേശവും ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ്, ഒഡിഷ. പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ച് കടുത്ത ആശങ്കയാണ് മന്ത്രാലയം പങ്കുവയ്ക്കുന്നത്. മാവോയിസ്റ്റുകളില്‍ നിന്നുള്ള ഭീഷണിയും വെല്ലുവിളി ഉയര്‍ത്തുന്നു. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതു പോലെ റോഡ് ഷോയുടെ സമയത്ത് മാവോയിസ്റ്റുകള്‍ മോദിയെ അപായപ്പെടുത്താനുള്ള സാദ്ധ്യത വലുതാണെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന സൈനിക കമാന്‍ഡോകളുടെ എണ്ണം കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് 15 ദിവസം മുന്‍പ് സന്ദര്‍ശന പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു റോഡ് ഷോകള്‍ മുന്‍ നിശ്ചയപ്രകാരമുള്ള വഴികളിലൂടെയാണെന്നതിനാല് തന്നെ ഇത് വലിയ തോതിലുള്ള ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് അര്‍ദ്ധസൈനിക വിഭാഗത്തിന്റേയും ലോക്കല്‍ പൊലീസിന്റേയും കൂടിയുള്ള അധിക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
Post Your Comments