Kerala

ഫേസ്ബുക്കില്‍ പരിചയമില്ലാത്തവരുമായി സൗഹൃദം കൂടുന്നവര്‍ ശ്രദ്ധിക്കുക : തട്ടിപ്പ് പുതിയ രൂപത്തില്‍

തിരുവനന്തപുരം:ഫേസ്ബുക്കില്‍ പരിചയമില്ലാത്തവരുമായി സൗഹൃദം കൂടുന്നവര്‍ ശ്രദ്ധിക്കുക,  തട്ടിപ്പ് പുതിയ രൂപത്തില്‍.. ഫേസ്ബുക്ക് വഴി യുവാക്കളെ പരിചയപ്പെട്ട ശേഷം വീട്ടില്‍ വിളിച്ചുവരുത്തി പണം തട്ടുന്ന ദമ്പതികളും സുഹൃത്തുക്കളും പൊലീസ് പിടിയില്‍. തിരുവനന്തപുരം പേട്ട ഭഗത് സിങ് ലൈനില്‍ താമസിക്കുന്ന ജിന  ഇവരുടെ ഭര്‍ത്താവ് വിഷ്ണു എന്നിവരും സുഹൃത്തുക്കളുമാണ് ഇന്ന് ഉച്ചയോടെ പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന സുഹൃത്തുക്കളോട് ഭാര്യക്ക് അസുഖമാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷമാണ് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതെന്ന് പേട്ട പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച ബാലരാമപുരം സ്വദേശികളായ യുവാക്കളെ ഭീഷണിപ്പെടുത്തി 40000 രൂപയോളമാണ് സംഘം തട്ടിയെടുത്തത്.

സംഭവത്തെ കുറിച്ച് പേട്ട പൊലീസ് പറയുന്നത് ഇങ്ങനെ:

അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വിഷ്ണുവും നിയമ വിദ്യാര്‍ത്ഥിനിയായ ജിനുവും തമ്മില്‍ പ്രണയത്തിനൊടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. പേട്ടയിലെ ഒരു വീട്ടില്‍ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. വിഷ്ണുവിന് കാര്യമായ ജോലിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജിനു വിദ്യാര്‍ത്ഥിനിയായിരുന്നു. ഒരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയായിരുന്നു ഇവര്‍. വിവാഹത്തിന് ശേഷം ജീവിക്കാനുള്ള പണം കൈയിലില്ലാതെ വന്നതോടെയാണ് ഇവര്‍ ഇത്തരത്തിലൊരു തട്ടിപ്പ് പദ്ധതിയുമായി മുന്നോട്ട് വന്നത്. പണം കണ്ടെത്താനും അടിച്ച് പൊളിക്കാനുമുള്ള എളുപ്പവഴിയായിട്ടാണ് തട്ടിപ്പിനെ കണ്ടതും.

ഇങ്ങനെയൊരു തട്ടിപ്പ് ഒറ്റയ്ക്ക് നടത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് സുഹൃത്തുക്കളുടെ സഹായം തേടിയതും. ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നവരോട് എളുപ്പത്തില്‍ സൗഹൃദത്തിലെത്തുക എന്നതായിരുന്നു ആദ്യത്തെ പടി. പിന്നീട് ഇവര്‍ ചെയ്തിരുന്നത് സാമ്ബത്തികമായി ഉയര്‍ന്ന ചുറ്റുപാടുള്ള യുവാക്കളുമായി സൗഹൃദത്തിലാവുക എന്നതായിരുന്നു. ഇതിന് ശേഷം ഭാര്യക്ക് അസുഖമാണെന്നും ചികിത്സിക്കാന്‍ വലിയ തുക തന്നെ വേണം എന്നുമൊക്കെ പറഞ്ഞ് വിശ്വസിപ്പിക്കും. അങ്ങനെ വിളിച്ച് വരുത്തിയ ശേഷമാണ് യുവാക്കളില്‍ നിന്നും പണവും മറ്റും അടിച്ച് മാറ്റിയിരുന്നത്. കഴിഞ്ഞ അഞ്ച് മാസമായി സമാനമായ രീതിയില്‍ ഇവര്‍ ആരെയെങ്കിലും തട്ടിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. നാണക്കേട് കാരണം ആരും പരാതി പറയാതിരുന്നതാണോ എന്നും പരിശോധിക്കും.

ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് 23ാം തീയതി നടന്ന സംഭവത്തെ തുടര്‍ന്നാണ്. ഭാര്യക്ക് അസുഖം കൂടുതലാണെന്ന് പറഞ്ഞ് ബാലരാമപുരം സ്വദേശികളായ രണ്ട് യുവാക്കളെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിന്റെ സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു. യുവാക്കള്‍ വീട്ടിലെത്തിയപ്പോള്‍ സംഘം ചേര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും പിന്നീട് ഇന്നോവ കാറില്‍ കയറ്റി എടിഎമ്മില്‍ നിന്നും 40000 രൂപ തട്ടിയെടുക്കുകയായിരുന്നു യുവാക്കളുടെ മൊബൈല്‍ ഫോണ്‍ എടിഎം തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും സംഘം തട്ടിയെടുത്തിരുന്നു.

വിഷ്ണുവിനും ഭാര്യ ജിനുവിനും പുറമെ വെട്ടുകാട് സ്വദേശികളായ അബിന്‍ഷാ (22) ആഷിക് (22) മന്‍സൂര്‍ (20) വഴയില സ്വദേശി സ്റ്റാലിന്‍ (26) വിവേക് (21) എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button