ഭോപ്പാല്‍: മരണാനന്തര ചടങ്ങുകൾക്ക് ശേഷം ചിതയിലേക്ക് വെച്ച മൃതദേഹം എണീറ്റിരുന്നു ചുമച്ചു. നാല്പത്തിയഞ്ചുകാരന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ച് നാട്ടുകാരും ബന്ധുക്കളും നിറഞ്ഞു നില്ക്കുന്ന സദസിലാണ് അത് സംഭവിച്ചത്. ചിതയില്‍ നിന്നും മരിച്ച ശരീരം എണിറ്റു നിര്‍ത്താതെ ചുമക്കുന്നത് കണ്ട എല്ലാവരും അമ്പരന്നു. കണ്ടുനിന്ന ഒരാൾ യുവാവിനെ ചിതയിൽ നിന്നും എടുത്തു. അടുത്ത് കൂടിയവര്യുവാവിന്റെ നിര്‍ത്താത്ത ചുമ കണ്ട് വെള്ളം കൊടുത്തപ്പോള്‍ അത് മുഴുവനും കുടിക്കുകയും ചെയ്തു.
എങ്കിലും സന്തോഷം അല്പനിമിഷങ്ങളെ ഉണ്ടായിരുന്നുള്ളൂ. വെള്ളം കുടിച്ചു കഴിഞ്ഞു പിന്നെയും കുറച്ചു നേരം കൂടി ജീവനോടെ ഇരുന്നു. അപ്പോഴും ശരീരത്തെ ചൂട് നഷ്ടപ്പെട്ടില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെല്ലാം ചേര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും ഡോക്ടര്‍മാര്‍ ഇസിജി എടുത്ത ശേഷം ഒബ്സെര്വേഷന് റൂമിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ 30 മിനിറ്റിന് ശേഷം ഡോക്ടര്‍മാര്‍ വീണ്ടും വന്ന് ഇയാള്‍ മരിച്ചെന്നു വ്യക്തമാക്കി. മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്.
ഡോക്ടര്‍മാര്‍ മരണമടഞ്ഞെന്ന് വിധിയെഴുതിയ 45 കാരനായ രാജേഷ് എന്ന് വിളിക്കുന്ന ടില്ലു കോള്‍ ആണ് ചിതകൊളുത്തുന്നതിന് മുൻപ് പാതി ജീവനില്‍ ഉയര്‍ത്തെഴുനേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ശക്തമായ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ടില്ലുവിനെ ഗദര്‍വാരാ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ആറ് മണിയോടെ ഇയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അമിതമായ രീതിയിലുള്ള മദ്യപാനമാണ് യുവാവിന്റെ മരണ കാരണമെന്നായിരുന്നു ആശുപത്രി അധികൃതര്‍ വിധിയെഴുതിയത്. തുടർന്ന് വീട്ടുകാർ ഇയാളുടെ മൃതദേഹം വീട്ടിലെത്തിച്ചു.
അന്ത്യകർമ്മങ്ങൾക്ക് ശേഷം 11 മണിക്ക് ചിതയിലേക്കെടുത്ത മൃതദേഹം തീ കൊളുത്തുന്നതിന് മുൻപായിരുന്നു എണീറ്റിരുന്നത്. അതേസമയം ഇത്തവണ ശരീരം പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷമാണ് വീട്ടുകാര്‍ക്ക് വിട്ടു നല്‍കിയത്. 30 മിനിറ്റ് നീണ്ട പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം വീണ്ടും ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചിതയ്ക്ക് തീ കൊളുത്തുകയും ചെയ്തു. 14 ഉം 12 ഉം വയസ്സുള്ള രണ്ടുമക്കളും ആണ് ഇയാൾക്ക് ഉള്ളത്.
Post Your Comments