
ന്യൂഡല്‍ഹി: വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ജെ. ചെലമേശ്വറിനെതിരെ ബാര്‍ കൗണ്‍സില്‍. അദ്ദേഹം മാധ്യമങ്ങളോട് വിവാദപരമായ കാര്യങ്ങള്‍ പറഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ബാര്‍ അസോസിയേഷന് ഇദ്ദേഹത്തിനെതിരെ തിരിഞ്ഞത്. അഭിഭാഷക സമൂഹത്തെ അധിക്ഷേപിക്കുന്ന ആരോപണങ്ങളാണ് അദ്ദേഹം നടത്തിയതെന്നും ബാര്‍ അസോസിയേഷന് അധികൃതര്‍ പറയുന്നു. ജൂണ്‍ 22ന് വിരമിച്ച ഇദ്ദേഹം ജസ്റ്റിസ് കെ. എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസാക്കാനുള്ള കേന്ദ്ര തീരുമാനത്തെ അംഗീകരിച്ചില്ല. ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയും ഏറെ അപകടത്തിലാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഉയര്‍ന്ന പദവിലിരുന്ന ഒരാളില്‍ നിന്ന് ഇത്തരത്തിലൊരു പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മനാന് കുമാര്‍ മിശ്ര പറഞ്ഞു. റിട്ടയര്‍മെന്റ് കഴിഞ്ഞ ഉടന്‍ തന്നെ മാധ്യമങ്ങളെ കണ്ട് ഇത്തരത്തിലുള്ള വിവാദ പരമായ കാര്യങ്ങള്‍ ജസറ്റിസ് ചെലമേശ്വര്‍ പറഞ്ഞത് ശരിയായില്ല. ഇത് അഭിഭാഷക സമൂഹത്തെ അധിക്ഷേപിക്കുന്നതിന് തുല്യമായ വാക്കുകളാണ്. മാധ്യമങ്ങളോട് സംസാരിച്ച ശേഷം ഉടന്‍ തന്നെ സിപിഐ നേതാവും രാജ്യ സഭാ എം.പിയുമായ ഡി. രാജയെ അദ്ദേഹം കണ്ടതും പ്രസ്താവന നടത്തിയതിന് പിന്നിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ടെന്നും ബാര്‍ കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.
Post Your Comments