Latest NewsIndia

ഗൗരി ലങ്കേഷിന്റെ കൊലയാളിയായ മകനെ കാണാന്‍ അമ്മയെത്തി; ആ അമ്മ മകനോട് പറഞ്ഞത്

ബെംഗളൂരു•’നീ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി സമ്മതിക്കുക, ഇല്ലെങ്കില്‍ ധൈര്യമായിരിക്കുക’- കഴിഞ്ഞ ദിവസം പരശുറാം വാഗ്മോറെയെ സന്ദര്‍ശിച്ച അമ്മ ജാനകി ബായിയുടെ വാക്കുകളാണിത്. ഞായറാഴ്ച ബെംഗളൂരുവിലെ സി.ഐ.ഡി ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

ഗൗരി ലങ്കേഷിനെതിരെ കാഞ്ചി വലിച്ചെന്ന് ആരോപിക്കപ്പെടുന്ന പരശുറാമിന്റെ അറസ്റ്റിന് രണ്ടാഴ്ചയ്ക്ക് ശേഷം മകനെ കണ്ട ജാനകി ബായി തകര്‍ന്നുപോയതായി എസ്.ഐ.ടി വൃത്തങ്ങള്‍ പറഞ്ഞു. ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. തുടര്‍ന്ന് ജാനകി ബായി 25 കാരനായ തന്റെ മകന്റെ നെറുകയില്‍ ചുംബിച്ചു.

പാലസ് റോഡിലെ സി.ഐ.ഡി. ഓഫീസില്‍ വച്ചാണ് പരശുറാമിന്റെ മാതാപിതാക്കള്‍ അയാളെ കണ്ടത്. ജാനകി ബായിയും അച്ഛന്‍ അശോക്‌ വാഗ്മോറെയും മകനെ കാണാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.സി.പി എം.എന്‍ അനുചേതില്‍ നിന്നും അനുമതി നേടിയിരുന്നു.

11 മണിയോടെ ഓഫീസിലെത്തിയ മാതാപിതാക്കള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മകനെ കാണാനുള്ള അനുമതി നല്‍കി. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു.

മകനെ കണ്ട മാതാപിതാക്കള്‍ വികാരാധീനരാകുകയും കരയുകയും ചെയ്തു. പരശുറാമും കരഞ്ഞു. തുടര്‍ന്ന് അമ്മയെ കെട്ടിപ്പിടിച്ചു. തെറ്റ് ചെയ്യാതെ ആരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, സത്യാവസ്ഥ കുടുംബത്തോട് തുറന്നുപറയണമെന്ന് ജാനകി ബായി മകനോട്‌ ആവശ്യപ്പെട്ടു. താന്‍ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും ഉടനെ മോചിതനാകുമെന്നും അമ്മയുടെ കൈപിടിച്ചു കൊണ്ട് പരശുറാം പറഞ്ഞു.

പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ള അമ്മയുടെ കാര്യങ്ങള്‍ നോക്കണമെന്ന് പരശുറാം പിതാവ് അശോകിനോട് പറഞ്ഞതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രത്യേക അന്വേഷണ സംഘ ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞ മാതാപിതാക്കള്‍, മകനോട്‌ ആത്മവിശ്വാസത്തോടെ ഇരിക്കാന്‍ പറഞ്ഞതായും അവന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞു.

പരശുറാമിന്റെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button