
മുംബൈ: കനത്ത മഴയില്‍ കാറില്‍ ഓഫീസിലേക്ക് പോകുമ്പോള്‍ വഴിയില്‍ ബസ് കാത്ത് നിന്നിരുന്ന മൂന്നു പേരെ കാറില്‍ കയറ്റിയതിന് രണ്ടായിരം രൂപ പിഴ നൽകേണ്ടി വന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. മൂന്ന് പേർ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് നിന്നത് ശ്രദ്ധയില്‍ പെട്ടതോടെ നിതിൻ നായർ എന്ന ചെറുപ്പക്കാരനാണ് ലിഫ്റ്റ് നൽകിയത്. തുടർന്ന് അപരിചിതരെ വാഹനത്തില്‍ കയറ്റുന്നത് ഗതാഗത നിയമ പ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി നിതിനെ തടഞ്ഞ് നിര്‍ത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ 2000 രൂപ പിഴയിടുകയായിരുന്നു. ലൈസന്‍സ് വാങ്ങിവെക്കുകയും പോലീസ് സ്റ്റേഷനിൽ വന്ന് വാങ്ങാൻ നിർദേശിക്കുകയും ചെയ്‌തു.
ഗതാഗത നിയമം 66/192 അനുസരിച്ചാണ് യുവാവിനെതിരെ പിഴ ചുമത്തിയത്. ഇതിനെക്കുറിച്ച് യുവാവ് ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം ഇത്തരമൊരു നിയമത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും മഴ നനഞ്ഞ് ബുദ്ധിമുട്ടി നിന്നവരെ സഹായിക്കുകയെന്ന ഉദ്ദേശത്തോടെ മാത്രമായിരുന്നു സഹായം വാഗ്ദാനം ചെയ്തതെന്നും യുവാവ് വ്യക്തമാക്കുന്നു.
Post Your Comments