എത്ര വലിയ നഗരത്തിൽ ജീവിച്ചാലും അൽപ്പമെങ്കിലും പച്ചപ്പ് കണ്ടാൽ മനസിന് വലിയ സമാധാനം ലഭിക്കും. എന്നാൽ ഹരിതമയം തുളുമ്പുന്ന കാഴ്‌ച കണ്ണുനിറയെ കണ്ടാലോ. മഹാരാഷ്ട്രയിൽ അധികം വിനോദസഞ്ചാരികളൊന്നും എത്തിപ്പെടാത്ത ഒളിഞ്ഞുകിടക്കുന്ന ചില കോട്ടകളുണ്ട്. വെറും ഒന്നോ രണ്ടോ അല്ല, കോട്ടകളുടെ ഒരു നിര തന്നെ ഇത്തരത്തിൽ നമ്മിൽ പലരും കണ്ടിട്ടില്ലാത്ത രീതിയിൽ അവിടെ ഒളിഞ്ഞു കിടപ്പുണ്ട്. മലമുകളിലും കാടുകളിലും എന്നു തുടങ്ങി പല സ്ഥലങ്ങളിലായി ഇവ വ്യാപിച്ചു കിടക്കുകയാണ്. അവയിൽ പലതും അനേകം വർഷങ്ങൾ പഴക്കമുള്ളവയും ഏറെ ചരിത്രങ്ങൾ പറയാനുള്ളവയുമാണ്.
മഹാരാഷ്ട്രയിൽ ഇത്തരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടകളിൽ ഏറെ പ്രാധാന്യമുള്ള തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കോട്ടയാണ് പച്ചയിൽ പുതച്ചു നിൽക്കുന്ന മലമുകളിലെ വൈസാപൂർ കോട്ട. ചുറ്റുമുള്ള പച്ചപ്പും ട്രെക്കിംഗ് സൗകര്യങ്ങളുമടക്കം ഏതൊരാളെയും ആകർഷിക്കുന്നവയാണ് ഈ കോട്ട. വൈസാപൂർ കോട്ടയുടെ പ്രത്യേകതകളെക്കുറിച്ചറിയാം.
കോട്ടയെക്കുറിച്ച്
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന വൈസാപൂർ കോട്ട പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആണ് നിർമിക്കപ്പെട്ടത്. മാറാത്ത സാമ്രാജ്യത്തിന്റെ ആദ്യ പേഷ്വ എന്ന് കരുതപ്പെടുന്ന ബാലാജി വിശ്വനാഥ് ആണ് ഈ കോട്ട പണികഴിപ്പിച്ചത്. ലൊഹഗാദ്, വൈസാപൂർ കോട്ടകളുടെ ഭാഗമാണ് ഇത്. എന്നിരുന്നാലും 10 കിലോമീറ്റർ അകലെയുള്ള ലോഹാഗാദ് കോട്ട പണികഴിപ്പിച്ചത് വൈസാപൂർ കോട്ടയേക്കാൾ വളരെ നേരത്തെ തന്നെയാണ്. മറാത്ത സാമ്രാജ്യവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ മഹാരാഷ്ട്രയുടെ ഇരട്ട കോട്ടകളായാണ് ഇവ അറിയപ്പെട്ടിരുന്നത്. 3556 അടി ഉയരത്തിലുള്ള വൈസാപൂർ കോട്ട മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും ഉയരമേറിയ കോട്ടകളിലൊന്നാണ്. ട്രക്കിംഗിന് എത്തുന്നവരുടെ ഏറെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നുമാണിത്. മഹാഭാരതത്തിന്റെ കാലഘട്ടവുമായി ബന്ധപ്പെട്ട് മതപരമായി പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ഇതെന്ന് കരുതപ്പെടുന്നു.
വിസാപൂർ കോട്ടയുടെ ഐതിഹ്യം
പാണ്ഡവന്മാർ അവരുടെ വനവാസകാലത്ത് പണികഴിപ്പിച്ചതാണ് വിസാപൂർ കോട്ടയിൽ നിലകൊള്ളുന്ന കിണർ എന്നാണ് വിശ്വാസം. കല്ലിൽ നിർമ്മിച്ച ഈ പുരാതന കോട്ട ഇന്ന് നാശത്തിന്റെ വക്കിലാണ്. എന്നാൽ തകർന്ന ചുവരുകൾക്ക് ഇപ്പോഴും ഇത് ഉണ്ടാക്കിയതിന്റെയും നിലനിൽപ്പിൻറെയും കഥകൾ വിവരിക്കാനുണ്ട്. ഈ കോട്ടയുടെ ചരിത്രത്തെക്കുറിച്ച് അറിയാനും അതിലുപരി ചുറ്റുമുള്ള വനങ്ങളാലും പുൽമേടുകളാലും സമ്പന്നമായ കാടും പരന്നുകിടക്കുന്ന പച്ചപ്പിന്റെ മനോഹാരിതയും കാണുവാനും ഉൾപ്പെടെ ഏതൊരാളെയും ആകർഷിക്കാൻ കെൽപ്പുള്ള ഒന്നാണ് ഈ കോട്ട. ഈ കോട്ട മൊത്തമായി കണ്ടു തീർന്നാൽ ഇനിയെന്ത് എന്നോർത്ത് സങ്കടപ്പെടേണ്ടി വരില്ല, കാരണം ലോഹഗാഡ് ഫോർട്ട്, കോരിഗഡ് ഫോർട്ട്, രാജ്മാചി പാർക്ക്, പാവന തടാകം എന്നിവയും സമീപത്തായുണ്ട്. ഇവയും നിങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്.
എങ്ങനെ എത്തിച്ചേരാം?
വിമാനമാർഗ്ഗം: നിങ്ങൾ വിമാനമാർഗ്ഗത്തിൽ ആണ് വരുന്നതെങ്കിൽ പുണെ എയർപോർട്ടിലേക്ക് ആണ് എത്തേണ്ടത്. അവിടെ നിന്ന് 60 കിലോമീറ്റർ ആണ് കോട്ടയിലേക്കുള്ള ദൂരം. പുണെയിലെത്തിയാൽ അവിടെ നിന്നും ലോണാവാലയിലേക്ക് ബസ് മാർഗ്ഗം എത്തി അവിടെ നിന്ന് വിസാപ്പൂരിലേക്ക് ഒരു ക്യാബ് വിളിച്ച് പോകാം. അതല്ലെങ്കിൽ നേരിട്ട് വിസാപ്പൂരിലേക്ക് എയർപോർട്ടിൽ നിന്ന് ടാക്സി വിളിച്ചും പോകാം. എയർപോർട്ടിൽ നിന്ന് വിസാപ്പൂരിലേക്ക് എത്താൻ ഏകദേശം ഒരു മണിക്കൂർ എടുക്കും.
റെയിൽ മാർഗ്ഗം: റെയിൽ മാർഗ്ഗമാണ് നിങ്ങളുടെ യാത്ര എങ്കിൽ ഏറ്റവും നല്ലത് ലോവണയിലേക്ക് നേരിട്ട് എത്തുന്ന ട്രെയിനിൽ വരുന്നതാണ്. ശേഷം റെയിൽവേ സ്റ്റേഷനിൽ നിന്ന് കോട്ടയിലേക്ക് ഒരു ടാക്സിയിൽ എത്താം. അവിടെ നിന്നും 15 കിലോമീറ്റർ ദൂരമേയുള്ളൂ കോട്ടയിലേക്ക്. റോഡ് മാർഗം:കോട്ടയിലേക്ക് നഗരത്തിന്റെ പല ഭാഗങ്ങളിലേക്കുമായി പരന്നുകിടക്കുന്ന റോഡുകൾ ഉള്ളതിനാൽ സ്വന്തമായി വണ്ടിയുള്ളവർക്കും ഇനി മറ്റു വണ്ടികൾ വിളിച്ചു വരുന്നവർക്കുമെല്ലാം തന്നെ നേരിട്ട് കോട്ടയുടെ അടുത്ത് വരെ റോഡ് മാർഗം എത്തിച്ചേരാം.
സന്ദർശിക്കാൻ ഏറ്റവും നല്ല സമയം
വിനോദസഞ്ചാരികളെ ഏറെ ആകർഷകമാക്കുന്ന ഒരു ഘടകം എപ്പോൾ വേണമെങ്കിലും ഇവിടെ സന്ദർശിക്കാൻ പറ്റും എന്നതാണ്. തണുപ്പിലും തെളിഞ്ഞ അന്തരീക്ഷത്തിലും പൊതിഞ്ഞു നിൽക്കുന്ന ഈ സ്ഥലം എല്ലാ സീസണിലും സന്ദർശിക്കാൻ അനുയോജ്യമാണ്. എന്നാൽ മഴക്കാലത്തെ ട്രെക്കിങ്ങ് മാത്രമേ അല്പം ശ്രദ്ധിക്കേണ്ടതുള്ളു. പാറകളിൽ തെന്നൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും കോട്ടയെ അതിന്റെ ഏറ്റവും മനോഹരമായ അവസ്ഥയിൽ കാണണം എങ്കിൽ സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം ഒക്ടോബർ മുതൽ ഫെബ്രുവരി അവസാനം വരെയാണ്.
Post Your Comments