Latest News

അങ്കണവാടി ജീവനക്കാര്‍ക്കിനി പുതിയ യൂണിഫോം

തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് കരാറായെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ 33115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32986 അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും ഒരു യൂണിഫോമിന് 300 രൂപ വച്ച് രണ്ട് സെറ്റ് നല്‍കുന്നതാണ് പദ്ധതി. 3,96,60,600 രൂപയാണ് പദ്ധതിയ്ക്കായി നീക്കി വച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന ഓവര്‍കോട്ട് മാറ്റിയാണ് പ്രത്യേകം രൂപകല്‍പന ചെയ്ത സാരി യൂണിഫോമാക്കിയത്. അങ്കണവാടി ജീവനക്കാര്‍ക്കിടയില്‍ മത്സരം നടത്തി അതില്‍ ഏറ്റവും മികച്ച ഡിസൈനാണ് യൂണിഫോമിനായി തെരഞ്ഞെടുത്തത്. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സ്വര്‍ണ മഞ്ഞ നിറത്തില്‍ ചുവപ്പ് ബോര്‍ഡറുള്ള സാരിയും ഹെല്‍പര്‍മാര്‍ക്ക് ആകാശ നീലയില്‍ വയലറ്റ് ബോര്‍ഡറുള്ള സാരിയുമാണ് യൂണിഫോം. ഐ.സി.ഡി.എസിന്റെ ലോഗോയും സാരിയില്‍ പതിച്ചിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി ഐ.സി.ഡി.എസ്. തെക്കേക്കര മുന്‍സിപ്പാലിറ്റി സെന്റര്‍ നമ്പര്‍ 27ലെ അങ്കണവാടി വര്‍ക്കറായ കെ. ജയമോള്‍ ഡിസൈന്‍ ചെയ്തതാണ് വര്‍ക്കര്‍മാരുടെ സാരി. കൊല്ലം ചടയമംഗലം ഐ.സി.ഡി.എസ്. കരിയം സെന്റര്‍ നമ്പര്‍ 90ലെ അങ്കണവാടി വര്‍ക്കറായ ജെ. ബീന ഡിസൈന്‍ ചെയ്തതാണ് ഹെല്‍പര്‍മാരുടെ സാരി.

യൂണിഫോം വാങ്ങാനുള്ള കരാര്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് എന്റര്‍പ്രൈസസ് ലിമിറ്റഡാണ് കരസ്ഥമാക്കിയത്. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസി.ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിപ്പാര്‍ട്ട്‌മെന്റ് പര്‍ച്ചേഴ്‌സ് കമ്മിറ്റി യോഗത്തിലാണ് ടെണ്ടര്‍ അംഗീകരിച്ച് തീരുമാനമെടുത്തത്.

3,96,60,600 രൂപ അടങ്കല്‍ നിശ്ചയിച്ചാണ് ഇ-ടെണ്ടര്‍ മുഖേന നല്‍കുന്നതിന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചത്. ഇന്ത്യയിലെ 13 പ്രമുഖ കമ്പനികളാണ് ടെണ്ടര്‍ നല്‍കിയത്. ഇ.എം.ഡി. തുക സമര്‍പ്പിക്കാത്തതിനാലും കമ്പനി തുണിയുടെ സാമ്പിള്‍ സമര്‍പ്പിക്കാത്തതിനാലും 2 കമ്പനികളെ പട്ടികയില്‍ നിന്നും ഒഴിവാക്കി. 11 കമ്പനികള്‍ നല്‍കിയ സാമ്പിളുകള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം ലാബ് ടെസ്റ്റിന് അയച്ചു. ടെക്‌നിക്കല്‍ യോഗ്യത നേടിയ 6 കമ്പനികളില്‍ നിന്നും ഫിനാന്‍ഷ്യല്‍ ബിഡില്‍ ഏറ്റവും കുറഞ്ഞ തുകയായ 3,09,55,098.30 രൂപ ക്വാട്ട് ചെയ്തിരുന്ന കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് എന്റര്‍പ്രൈസസിന്റെ ടെണ്ടറാണ് നിബന്ധനകളോടെ അംഗീകരിച്ചത്.

258 പ്രോജക്ടുകളിലേയും ഓരോ സാമ്പിള്‍ നല്‍കിയ ശേഷം മാത്രമേ വസ്ത്ര വിതരണം തുടങ്ങാന്‍ പാടുള്ളൂവെന്നും ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ വരികയാണെങ്കില്‍ സാമ്പിളുകള്‍ തമ്മില്‍ ഒത്തുനോക്കേണ്ടതാണെന്നും നിബന്ധനയുണ്ട്. സി.ഡി.പി.ഒ.മാരും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരും റാന്‍ഡമായി പരിശോധന നടത്തി വസ്ത്രത്തിന്റെ ഗുണമേന്മയില്‍ വ്യത്യാസം ഇല്ലായെന്ന് ഉറപ്പ് വരുത്തുന്നതുമാണ്.

Also read : ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് മോദിയും പിണറായിയും, ശേഷം മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നല്‍കി പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button