ചേർത്തല: കോടികളുടെ സ്വത്തിന്റെ ഉടമയായ ബിന്ദു പത്മനാഭനെ ദുരൂഹസാഹചര്യത്തിൽ കാണാതാവുകയും ഇവരുടെ വസ്തുക്കൾ വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പ്രത്യേക പോലീസ് സംഘം അറസ്റ്റുചെയ്തു.
ബിന്ദു പത്മനാഭന്റെ പേരിൽ വ്യാജ മുക്ത്യാറും അതുവഴി പ്രമാണവും തയ്യാറാക്കി സാക്ഷിയായി ഒപ്പിടുകയും ചെയ്ത ഇടപ്പള്ളി ക്രോസ് റോഡ് അറയ്ക്കൽപറമ്പിൽ വീട്ടിൽ ജി.ഗോവിന്ദൻകുട്ടി മേനോൻ (79), മറ്റൊരു സാക്ഷിയായി ഒപ്പിട്ട ചേന്നംപള്ളിപ്പുറം പാറശ്ശേരി വീട്ടിൽ ഷിൽജി പി.കുര്യൻ (48) എന്നിവരെയാണ് ചേർത്തല ഡിവൈ.എസ്.പി. എ.ജി.ലാൽ അറസ്റ്റ് ചെയ്തത്.
ബിന്ദുവായി ആൾമാറാട്ടം നടത്തിയ കേസിലെ മുഖ്യപ്രതി കുറുപ്പുംകുളങ്ങര മിനി(ജയ)യെ മാപ്പുസാക്ഷി ആക്കുമെന്ന് ആദ്യം കുത്തിയതോട് പോലീസ് ഉറപ്പുനൽകിയിരുന്നു ഇതിനെത്തുടർന്ന് മിനി അഭിഭാഷകൻ മുഖേന ഇന്നലെ കീഴടങ്ങാൻ ശ്രമിച്ചിരുന്നു എന്നാൽ കേസിൽ ഇവരെ മാപ്പുസാക്ഷിയാക്കില്ലെന്ന് പോലീസ് അറിയിച്ചതോടെ ഇവർ പിന്മാറി. മിനിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
പ്രതികൾ ചമച്ച പ്രമാണരേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയിരിക്കുന്ന പ്രമാണങ്ങൾ റദ്ദ് ചെയ്യുന്നതിനും പോലീസ് നടപടികൾ തുടങ്ങി. ഇതുകാട്ടി റജിസ്ട്രേഷൻ ഐ.ജി.ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. വ്യാജരേഖകൾ തയ്യാറാക്കുന്ന സമയത്ത് സബ് രജിസ്ട്രാറായിരുന്ന ബീന കുര്യനെയും മറ്റുജീവനക്കാരെയും പോലീസ് സംഘം ചോദ്യം ചെയ്തു.
Post Your Comments