പൂനെ : തടി കുറയ്ക്കാനായി ജ്യൂസ് കുടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. ചുരയ്ക്ക ജ്യൂസ് കുടിച്ച യുവതിക്ക് മരണം സംഭവിച്ചു. Bottle gourd juice അഥവാ ചുരയ്ക്ക ജ്യൂസ് കുടിച്ച നാല്‍പ്പത്തൊന്നുകാരിയാണ് കഴിഞ്ഞ ദിവസം പൂനെയില്‍ മരണമടഞ്ഞത്. പച്ചക്കറിയിനത്തില്‍പ്പെട്ട ചുരയ്ക്ക ജ്യൂസ് തടികുറയ്ക്കാനാണ് സാധാരണ കുടിക്കുന്നത്. ഇതു കുടിച്ചതാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ജൂണ്‍ 12 നു രാവിലെയാണ് യുവതി ഒരു ഗ്ലാസ്സ് ചുരയ്ക്ക ജ്യൂസ് കുടിച്ചത്. വൈകാതെ ഇവര്‍ക്ക് കടുത്ത ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില പിന്നീട് വഷളാകുകയായിരുന്നു.
16 നാണ് യുവതി മരിച്ചത്. ചുരയ്ക്ക ജ്യൂസ് കുടിച്ചുള്ള മരണങ്ങള്‍ ഇതിനു മുന്‍പും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നല്‍കിയ മുന്നറിയിപ്പില്‍ ചുരയ്ക്ക ജ്യൂസ് കുടിക്കുമ്പോള്‍ സ്വാദില്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടാല്‍ അത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചുരയ്ക്ക ജ്യൂസ് കുടിക്കുമ്പോള്‍ പുളിപ്പോ സ്വാദു മാറ്റമോ ഉണ്ടെങ്കില്‍ അതില്‍ വിഷാംശം അടങ്ങിയിട്ടുണ്ടാകാമെന്ന് ഇവര്‍ പറയുന്നുണ്ട്.
രാവിലെ അഞ്ചു കിലോമീറ്റര്‍ ദൂരം വ്യായാമത്തിന്റെ ഭാഗമായി ഓടിയതിനു ശേഷമാണ് യുവതി ചുരയ്ക്ക ജ്യൂസ് കുടിച്ചത്. 9.30 ന് ഓഫിസിലേക്കു പോകുന്നതിനു മുന്‍പായിരുന്നു ഇത്. എന്നാല്‍ പോകുന്ന വഴിയില്‍ കാറില്‍ വച്ചുതന്നെ യുവതിക്ക് ഛര്‍ദ്ദിയും വയറിളക്കവും ആരംഭിച്ചിരുന്നു. അങ്ങനെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടുത്ത ശ്വാസതടസ്സം, വയറ്റില്‍ വേദന, ബോധക്ഷയം എന്നിവ തുടങ്ങി. വൈകാതെ ശക്തമായ ഹൃദയാഘാതവും ഉണ്ടാകുകയായിരുന്നു. രണ്ടു ദിവസത്തിനകം ഇവരുടെ തലച്ചോറില്‍ രക്തസ്രാവം ആരംഭിക്കുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു മരണം സംഭവിക്കുകയുമായിരുന്നു.
Post Your Comments