KeralaLatest News

കുമ്മനം ശബരിമല ഇറങ്ങുമ്പോൾ വൻ സുരക്ഷാ വീഴ്ച : ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല

ശബരിമല: കോരിച്ചൊരിയുന്ന മഴയിൽ കുമ്മനം മലയിറങ്ങുമ്പോൾ വഴിവിളക്കുകൾ തെളിയിക്കാതെ കെ എസ് ഇ ബി. ശബരിമലയിൽ നിന്നു മടങ്ങുംവഴി ഗവർണർക്കു വെളിച്ചത്തിന് ആകെയുണ്ടായിരുന്നത് മൂന്നു ടോർച്ചും മൊബൈൽ ഫോണിലെ വെളിച്ചവും മാത്രം. ഇസഡ് പ്ലസ് സുരക്ഷയുള്ള ഗവര്‍ണ്ണറാണ് കുമ്മനം രാജശേഖരന്‍. നോര്‍ത്ത് ഈസ്റ്റിലെ ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും അധികം ഭീഷണിയുള്ള വ്യക്തി. ചില മത മൗലിക വാദികള്‍ കുമ്മനത്തിനെതിരെ പരസ്യ നിലപാടും എടുത്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ വന്‍ സുരക്ഷാ ക്രമീകരണമാണ് കുമ്മനത്തിന് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

ജന്മനാട്ടില്‍ എത്തിയപ്പോള്‍ ഇതെല്ലാം വേണ്ടെന്ന് വച്ച്‌ സാധാരണക്കാരനായാണ് കുമ്മനത്തിന്റെ യാത്ര. അപ്പോഴും ഈ വ്യക്തിക്ക് പഴുതടച്ച സുരക്ഷയൊരുക്കേണ്ട ബാധ്യത കേരളാ പൊലീസിനുണ്ട്. എന്നാൽ അത് അവര്‍ മറന്നു പോവുകയാണ് ഉണ്ടായത്.ഏത് സാഹചര്യത്തിലും വഴി വിളക്കുകള്‍ അടയാത്ത കാനനപാതയാണ് ശബരിമലയിലേത്. ഇത് വൈദ്യുത വകുപ്പ് ഉറപ്പുവരുത്താറുമുണ്ട്. വിവിഐപികള്‍ എത്തുമ്പോള്‍ പ്രത്യേകിച്ചും. മിസോറാം ഗവര്‍ണ്ണര്‍ എത്തിയപ്പോള്‍ പക്ഷേ ഈ കരുതലൊന്നും ആരുമെടുത്തില്ല.

കനത്ത മഴ പെയ്തതോടെ ചുറ്റും കുറ്റാക്കൂരിരുട്ട്. മരക്കൂട്ടം വരെ പ്രശ്നമില്ലാതെ ഇറങ്ങി. സ്വാമി അയ്യപ്പൻ റോഡിലെത്തിയപ്പോഴേക്കും ഇരുട്ട് കനത്തു. വഴി വിളക്കുകൾ ഒന്നു പോലും കത്തിയിട്ടില്ല. അപ്പാച്ചിമേടു വഴി കൊണ്ടുപോകാൻ ആലോചിച്ചെങ്കിലും ഗവർണർ വീണ്ടും കയറ്റം കയറണം. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ വന്ന വഴി തന്നെ യാത്ര തുടർന്നു. നനഞ്ഞു കിടന്നതിനാൽ വഴിയിലെല്ലാം വഴുക്കൽ അധികമായിരുന്നു. ഗവര്‍ണറുടെ ഇരുവശവും പൊലീസുകാര്‍ നിന്നു ടോര്‍ച്ച്‌ തെളിച്ചു. ഒരു പൊലീസുകാരന്‍ മുന്നേ വെളിച്ചം കാട്ടി നീങ്ങി. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വഴിവിളക്കുകള്‍ കത്തിക്കണമെന്നു പൊലീസ് കെഎസ്‌ഇബിയെ അറിയിച്ചതായി പറയുന്നു.

പക്ഷേ, വിളക്കുകളൊന്നും തെളിഞ്ഞില്ല. മറ്റ് അയ്യപ്പന്മാരും മൊബൈല്‍ വെളിച്ചത്തിലാണ് മലയിറങ്ങിയത്. മാസപൂജയ്ക്കു നട തുറന്നെങ്കിലും വഴിവിളക്കുകള്‍ കത്തിക്കാന്‍ കെഎസ്‌ഇബി തയാറായിട്ടില്ല. വൈദ്യുതി മുടങ്ങുമ്പോള്‍ പകരം സംവിധാനമായി ജനറേറ്റര്‍ ക്രമീകരിക്കണമെന്നു ദേവസ്വം ബോര്‍ഡിനു ഹൈക്കോടതി നല്‍കിയ ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. വലിയ സുരക്ഷാ വീഴ്ചയായി ഇതിനെ വിലയിരുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button