കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതി ഇപ്പോഴും പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമി ഏറ്റെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നെന്നും ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാനാകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലക്കാട്, കഞ്ചിക്കോട് തന്നെ കോച്ച് ഫാക്ടറി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ പീയുഷ് ഗോയലിന് കത്തയച്ചിരുന്നു. ഇതിനായി 239 ഏക്കര്‍ സ്ഥലം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏറ്റെടുക്കുകയും ചെയ്തു. ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്.
Also Read : പാലക്കാട് കോച്ച് ഫാക്ടറി; നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
പിന്നോക്ക ജില്ലയായ പാലക്കാട് ഫാക്ടറി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. 2008-09 ബജറ്റില്‍ തന്നെ പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി പണി പൂര്‍ത്തിയാക്കി 2012-ല്‍ കമ്മിഷന്‍ ചെയ്തിരുന്നു. റെയില്‍വേയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ലൈറ്റ് വെയിറ്റ് ബ്രോഡ്ഗേജ് കോച്ചുകള്‍ നിര്‍മിക്കുകയായിരുന്നു നിര്‍ദിഷ്ട കോച്ച് ഫാക്ടറിയുടെ അടിസ്ഥാന ലക്ഷ്യം.
എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളെയെല്ലാം പാടെ തള്ളിക്കളഞ്ഞാണ് പീയുഷ് ഗോയല്‍ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments