കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണ കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിയാക്കില്ല. എസ്പി ക്രിമിനല്‍ കുറ്റം നടത്തിയതായി തെളിവില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ എവി ജോര്‍ജിനെ പ്രതിയാക്കാത്തത്. കേസില്‍ എവി ജോര്‍ജിനെതിരെ വകുപ്പുതല നടപടികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കി.
സിഐയും എസ്‌ഐയുമടക്കം പത്തു പൊലീസ് ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാണ്. പ്രതികളുടെയും ചില സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്. കേസിലെ പ്രതികളായവരെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണ സംഘം എ.വി. ജോര്‍ജിനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
എ.വി. ജോര്‍ജിനെതിരെ ഒരു ഡിവൈഎസ്പിയടക്കമുള്ള പൊലീസുകാരുടെ മൊഴികളും ചില മാധ്യമവാര്‍ത്തകളുമടക്കമുള്ള തെളിവുകളാണ് അന്വേഷണ സംഘത്തിന്റെ കയ്യിലുള്ളത്. എന്നാല്‍, ശ്രീജിത്തിന്റെ കാര്യത്തില്‍ താന്‍ ഇടപെട്ടത് ആലുവ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണെന്ന് എ.വി. ജോര്‍ജ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.
Post Your Comments