ശ്രീനഗര്‍: മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം,, കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. വെള്ള വസ്ത്രം ധരിച്ച താടിയുള്ളയാളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ജമ്മു കശ്മീരിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഷുജാത് ബുഖാരിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. താടിവച്ച യുവാവ് കാറിനടുത്തെത്തി മൃതദേഹം പരിശോധിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്.
മാധ്യമ പ്രവര്‍ത്തകനും അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ പകര്‍ത്തിയ ചിത്രമാണ് ഇതെന്ന് കരുതുന്നു. ആക്രമണം നടത്തിയ സംഘത്തിലെ നാലാമനെന്ന് കരുതുന്നയാളുടെ ചിത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
വാഹനത്തില്‍നിന്ന് ഒരു മൃതദേഹം പുറത്തെടുക്കുന്ന സമയം, ചിത്രത്തിലുള്ളയാള്‍ ഒരു പിസ്റ്റള്‍ വലിച്ചെടുത്തശേഷം രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ പ്രദേശവാസിയാണെന്നാണു പൊലീസ് കരുതുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്.
ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. രണ്ടാമത്തെയാള്‍ മുഖം ഒളിപ്പിച്ചിരിക്കുമ്പോള്‍ മൂന്നാമത്തെയാളുടെ മുഖം കറുത്ത തുണി ഉപയോഗിച്ചു മറച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇവരുടെ കൈവശമുള്ള ബാഗില്‍ ആയുധങ്ങളാണെന്നാണു പൊലീസ് കരുതുന്നത്.
റൈസിങ് കശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററാണ് കൊല്ലപ്പെട്ട ഷുജാത് ബുഖാരി. ശ്രീനഗറിലെ പ്രസ് എന്‍ക്ലേവിലുള്ള ഓഫീസില്‍നിന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിനുനേരെ വെടിവെപ്പുണ്ടായത്.
കാറിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ തൊട്ടടുത്തുനിന്നാണു വെടിവച്ചത്. ഒന്നിലേറെ വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറി. സംഭവസ്ഥലത്തു തന്നെ അദ്ദേഹം മരിച്ചുവീണു. ആക്രമണത്തില്‍ ബുഖാരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്കു പരിക്കേറ്റു.
പാക്സിതാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തൊയ്ബ ഭീകര സംഘടനയില്‍പ്പെട്ടവരാണ് വെടിവെപ്പ് നടത്തിയതെന്ന് കരുതുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്ന് ഭീകരര്‍ ബൈക്കില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഭീകരരെ തിരിച്ചറിയാന്‍ പൊലീസ് ജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
Post Your Comments