Kerala

മഴക്കെടുതി സംസ്ഥാനത്ത് ഇന്നലെ 14 പേരുടെ ജീവനെടുത്തു : അടുത്ത 24 മണിക്കൂർ ജാഗ്രതാ നിർദ്ദേശം : കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായി തുടരുന്ന മഴയ്ക്ക് ഇന്ന് നേരിയശമനം ഉണ്ട്. ദേശീയ ദുരനന്തനിവാരണ സമിതി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഉരുള്‍പൊട്ടലില്‍ കാണാതായ ഒന്‍പതുപേര്‍ക്കുള്ള വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. ഇന്നലെ രാത്രിയോടെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ശനിയാഴ്ചവരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു .

24 മണിക്കൂറില്‍ രാജ്യത്ത് കൂടുതല്‍ മഴപെയ്ത പത്ത് പ്രദേശങ്ങളില്‍ നാലും കേരളത്തിലാണെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ സ്ഥലങ്ങളെല്ലാം വടക്കന്‍ കേരളത്തിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ജില്ലയില്‍ യോഗം ചേരും. 50 പേരാണ് ദുരന്ത നിവാരണ സേനയില്‍ ഉള്ളത്. ഇന്ന് ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റുകൂടി ജില്ലയില്‍ എത്തിച്ചേരും. സേനയ്‌ക്കൊപ്പം ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.

കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തെരച്ചില്‍ നടത്തുക. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ടുപോയ ഏഴ് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതില്‍ നാല് പേരുടെ മൃതദേഹം സംസ്കാരം നടത്തി. ഇനി ഏഴ് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.

അബ്ദുറഹിമാന്റെ ഭാര്യ, ഹസന്റെ ഭാര്യ, മകള്‍, മരുമകള്‍, മൂന്ന് പേരക്കുട്ടികള്‍ എന്നിവരെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് നടക്കുക. പ്രധാനമായും നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കോഴിക്കോട് ജില്ലയില്‍മാത്രം വ്യാഴാഴ്ച എട്ടു മരണം ഉണ്ടായി. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ ഉരുള്‍പൊട്ടലിലും പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളുമാണ് മരിച്ചത്. ഏഴുപേരെ കാണാതായി. പരുക്കേറ്റ അഞ്ചുപേരേ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുനൂര്‍ പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കോഴിക്കോട്, വയനാട് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്നതിനാല്‍ വയനാട് ചുരം വഴിയുള്ള വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. താമരശ്ശേരിയിലെ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമായ എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button