KeralaLatest News

പ്രസവത്തോടെ യുവതിയുടെ മരണം: ‘സോഷ്യല്‍ മീഡിയയിൽ നടക്കുന്നത് അപവാദ പ്രചരണം’, ഡോക്ടര്‍ക്ക് പറയാനുള്ളത്

തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരി ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചു. 48,000 രൂപയുടെ ബില്ലില്‍ 46,000 രൂപയടച്ചിട്ടും 2,000 രൂപയ്ക്കു വേണ്ടി ഡിസ്ചാര്‍ജ് ചെയ്യാതെ മൂന്ന് മണിക്കൂര്‍ അത്യാസന്ന നിലയിലായ യുവതിയെ വിദഗദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച്‌ നാട്ടുകാര്‍ ഡോക്ടറെ തടഞ്ഞു. പോലീസ് ഇടപെട്ടാണ് നാട്ടുകാരെ മാറ്റി ഡോക്ടറെ രക്ഷപ്പെടുത്തിയത്. 2000 രൂപയുടെ കുറവ് പറഞ്ഞ് രോഗിയെ മറ്റൊരുആശുപത്രിയിലേക്ക് മാറ്റാന്‍ മനഃപൂര്‍വം കാലതാമസം വരുത്തി എന്നും ബന്ധുക്കള്‍ ആരോപിച്ചു.

കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (21) ആണ് മരിച്ചത്. പ്രസവത്തിന് വേണ്ടി രണ്ടു ദിവസം മുൻപ് ശ്രീജയെ ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തിരുന്നു. തുടർന്ന് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. സിസേറിയന് മുമ്ബ് അലര്‍ജി പരിശോധന നടത്താതെ കുത്തിവെയ്‌പ്പെടുത്തതാണ് മരണ കാരണമെന്നും 2,000 രൂപയ്ക്ക് വേണ്ടി ഡോക്ടര്‍ ഡിസ്ചാര്‍ജ്ജ് മൂന്നു മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നുമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ഡോക്ടറുടെ ചികിത്സാ പിഴവാണ് ശ്രീജയുടെ മരണത്തില്‍ കലാശിച്ചതെന്നാരോപിച്ചാണ് ബന്ധുക്കളും ഒരു സംഘം നാട്ടുകാരും പ്രസവചികിത്സ നല്‍കിയ ഡോ. ബേബി ഷെറിനെ തടഞ്ഞുവെച്ചത്.

ഡോക്ടറുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ വിശദീകരണ വീഡിയോയുമായി ഫേസ്ബുക്കിലെത്തുകയും ചെയ്തു.

പോസ്റ്റിന്റെ രൂപം ഇങ്ങനെ :

പ്രിയമുള്ളവരെ,
ഞാൻ ഡോ. ബേബി ഷെറിൻ. കഴിഞ്ഞ 48 മണിക്കൂർ സോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തിൽ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.

ഒരു പ്രൈമറി സ്കൂൾ അധ്യാപികന്റെ മകളായ ഞാൻ പൊതു വിദ്യാലയത്തിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സർക്കാർ മെരിറ്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വളർന്നതിനാൽ ഒരു ഡോക്ടർ എന്ന നിലയിൽ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും. സോഷ്യൽ മീഡിയയിലെ മുഖ്യ ആരോപണം ഞാൻ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാർജ് ചെയ്യാൻ വൈകിച്ചു എന്നതാണ്.

ആശുപത്രിയിലെ അക്കൗണ്ട് സുമായോ അഡ്മിനിസ്ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെയൊരാരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടർമാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതിൽ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാൻ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാർത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ
എന്ന് ഡോ.ബേബി ഷെറിൻ
വീഡിയോ:

shortlink

Related Articles

Post Your Comments

Related Articles


Back to top button