Kerala

ആദര്‍ശ ധീരരെന്ന് ജനങ്ങള്‍ വിളിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ സംസ്ഥാന സര്‍വ്വിസ് വിടുന്നു

കൊച്ചി: ആദര്‍ശധീരരെന്ന് കേരളം പുകഴ്ത്തിയ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കേരളം വിടുന്നു. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലും, പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലായ്മയും രാഷ്ട്രീയ സമര്‍ദ്ദവുമാണ് കഴിവുള്ള ഈ ഐഎഎസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍വ്വിസ് വിടുന്നതിന് കാരണമായി പറയുന്നത്. സിവില്‍ സര്‍വ്വിസില്‍ മികച്ചവരെന്ന പ്രശംസ നേടിയ ഐജി ദിനേന്ദ്ര കശ്യപ്, ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ രാജ മാണിക്യം ഐപിഎസ് എന്നിവര്‍ ഉള്‍പ്പടെ ഉള്ളവരാണ് കേരളത്തിലെ സേവനം മടുത്ത് സ്ഥലം വിടുന്നത്.

സോളാര്‍ കേസിന്റെ തലവനായിരുന്ന വീരേന്ദ്ര കശ്യപ്, നടിയെ ആക്രമിച്ച കേസിനും നേതൃത്വം നല്‍കിയിരുന്നു. കശ്യപ് സംസ്ഥാനം വിടുന്നതോടെ സോളാര്‍ കേസ് അന്വേഷണ സംഘത്തിനും തലവന്‍ ഇല്ലാതാകും. മാവോയിസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിനും നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതും ഇദ്ദേഹമാണ്.കെഎസ്‌ആര്‍ടിസിയില്‍ നിന്ന് മാറ്റിയ ശേഷം നല്ല വകുപ്പൊന്നും നല്‍കാതെ രാജമാണിക്യത്തെ സര്‍ക്കാര്‍ ഒതുക്കുകയായിരുന്നു. ഇംഗ്ലണ്ടിലേക്ക് ഉപരി പഠനത്തിനാണ് രാജമാണിക്യം പോകുന്നത്.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായ ശ്രീറാം വെങ്കിട്ട രാമനും, ഗോകുലും പഠനങ്ങള്‍ക്കായി ഇംഗ്ലണ്ടിലേക്ക് പോവുകയാണ്. ഐപിഎസ് ദമ്പതിമാരായ ദേവശീഷ് ബെഹ്‌റ, ഉമാ ബെഹ്‌റഎന്നിവര്‍ക്ക് സിബിഐയിലേക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഐജി മഹിപാല്‍ യാദവും, കോഴിക്കോട് കളക്ടറായിരുന്ന എന്‍ പ്രശാന്തും, ഐപിഎസ് ദമ്പതിമാരായ സതീഷ് ബിനോയിയും, അജിതാ ബീഗവും നേരത്തെ തന്നെ സംസ്ഥാന സര്‍വ്വിസ് വിട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയെ തുടര്‍ന്ന ഋഷിരാജ് സിംഗ് ഐപിഎസ് കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഡയറക്ടര്‍ ജനറല്‍ തസ്തികയിലേക്കുള്ള കേന്ദ്ര പട്ടികയില്‍ ഋഷിരാജ് സിംഗ് ഇടംപിടിച്ചിരുന്നു. ആദര്‍ശധീരരായ യുവ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇവരെല്ലാവരും. ജനകീയ പിന്തുണ നേടിയ കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്ന ഇവരെ സ്ഥലം മാറ്റിയും അപഹസിച്ചും നിഷ്‌ക്രിയരാക്കുകയാണെന്നാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button