തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ നിജസ്ഥിതിയും യാഥാര്‍ഥ്യവും, ശബ്ദസന്ദേശം മാധ്യമങ്ങള്‍ക്കു ലഭിക്കാനിടയായ സാഹചര്യം, സന്ദേശം റെക്കോര്‍ഡ് ചെയ്ത സ്ഥലം, സമയം, റെക്കോര്‍ഡ് ചെയ്ത വ്യക്തി എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തു നല്‍കി.
അതേസമയം ശബ്ദം തന്റേതാണെന്നും എന്നാണ് റെക്കോര്‍ഡ് ചെയ്തതെന്നു അറിയില്ലെന്നും സ്വപ്ന ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്തത് സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലില്‍ വച്ചല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നു ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് നല്‍കിയ ശബ്ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള തിരക്കഥയാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. സ്വപ്ന താമസിക്കുന്ന ജയില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ ജയിലിനകത്തായി. അടുത്തയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ വിളിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരം പുറത്തുവന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യംവെക്കുന്നെന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാനാണ് ശബ്ദരേഖ. സ്വപ്ന ഒളിവിലുള്ള സമയത്തും ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്തുകൊണ്ടാണ് അന്ന് പൊലീസ് അന്വേഷിക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സ്വപ്ന സുരേഷിന്റെ ഓഡിയോ പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. എങ്ങനെയാണ് ജയിലില്‍ നിന്ന് സ്വപ്നയ്ക്ക് ഓഡിയോ ഇറക്കാനായതെന്ന് ജയില്‍ ഡി.ജി.പി വ്യക്തമാക്കണമെന്നും തിരുവനന്തപുരം എന്‍.ഡി.എ കോര്‍പ്പറേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Post Your Comments