തിരുവനന്തപുരം: മുഖ്യമന്ത്രി എന്ന നിലയിൽ തന്നോട് അഭിപ്രായങ്ങൾ തുറന്നുപറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും തന്റെ മുന്നിലെത്തുന്നവരെ കേൾക്കാൻ തയാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്.മറിച്ചുള്ള ധാരണകൾ ശരിയല്ല. എന്തും ചോദിക്കാം എന്നാൽ, സംസാരം പരിധിവിട്ടാൽ നിർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ടെലിവിഷൻ സംവാദപരിപാടിയിൽ ടെക്നോപാർക്ക് സ്ഥാപക സിഇഒ: ജി.വിജയരാഘവനാണ് പലരും ചോദിക്കാൻ മടിക്കുന്ന വിഷയം ചോദിച്ചതും പിണറായി നിലപാട് വ്യക്തമാക്കിയതും. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക എപ്പിസോഡിലാണ് ഇത്തരം ഒരു പരാമർശം ഉണ്ടായിരിക്കുന്നത്.
വിജയരാഘവന്റെ ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും:
∙ ജനങ്ങളുടെ ‘പൾസ്’ മുഖ്യമന്ത്രിക്കു ശരിയായി കിട്ടുന്നില്ലെന്ന തോന്നൽ പലർക്കുമുണ്ട്?
നാട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഔദ്യോഗികവും അല്ലാത്തതുമായ സംവിധാനങ്ങളുണ്ട്. എത്രയോ കാലം ജനങ്ങളോടൊപ്പം നിന്നു പ്രവർത്തിച്ചതുകൊണ്ട് പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ മനസ്സിലാക്കാനാകും. പക്ഷേ, ചില കാര്യങ്ങൾ അങ്ങേയറ്റം മോശമായി ചിത്രീകരിക്കാനുള്ള പ്രവണത കേരളത്തിലുണ്ട്. അതിനു വലിയ പ്രാധാന്യം കൊടുക്കില്ല. അതിന്റെ പേരിലാണു നാടാകെ വിധി കൽപിക്കുന്നത് എന്ന തോന്നലില്ല. ചില മാധ്യമസുഹൃത്തുക്കൾ വെല്ലുവിളിക്കുകയാണ്. അവരുടെ കയ്യിലാണു നാട് നിൽക്കുന്നതെന്ന അഭിപ്രായം മുൻപും ഇപ്പോഴുമില്ല. അവർക്കു വഴിപ്പെടുന്നില്ല എന്നു വരുമ്പോൾ വാശിയോടെ നെഗറ്റീവ് ആയ പ്രചാരവേല നടത്തും.
∙ മുഖ്യമന്ത്രിയോടു പോരായ്മകൾ തുറന്നുപറയാൻ ഉദ്യോഗസ്ഥർക്കോ പാർട്ടിയിലെ മറ്റു നേതാക്കൾക്കോ ധൈര്യമില്ല എന്ന തോന്നലുമുണ്ട്?
എന്നോട് അഭിപ്രായം പറയാൻ ശങ്കിക്കുന്നു എന്നതു പ്രചാരണം മാത്രം. സർക്കാരിന്റെ ആദ്യകാലത്ത് ഗവ. സെക്രട്ടറിമാർ തുറന്ന് അഭിപ്രായം പറയുന്നുണ്ടോ എന്ന ശങ്ക ഉണ്ടായിരുന്നു. പിന്നീടതു പൂർണമായി മാറി. അവരുമായി നല്ല അടുപ്പമുണ്ട്. പിന്നെ, അവർക്കിടയിലും പ്രത്യേക തരക്കാരുണ്ട്.
അക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല. എന്റെ മുന്നിൽ വരുന്നവരുടെ എല്ലാ കാര്യങ്ങളും കേൾക്കും. പക്ഷേ, സംസാരം പരിധിവിട്ടു പോയാൽ നിർത്തിക്കും. അതാണ് എന്റെ രീതി. അനാവശ്യമായി വർത്തമാനം പറഞ്ഞു സമയം ചെലവഴിക്കേണ്ട കാര്യമില്ല. വേറെ ആളുകൾ കാത്തുനിൽക്കുകയാണ്. പാർട്ടിക്കാർക്കു സംസാരിക്കാൻ ധൈര്യമില്ല എന്നതൊക്കെ പലരും ചാർത്തിത്തരുന്ന വിശേഷണങ്ങളാണ്. എത്രയോ വർഷം പാർട്ടിയിൽ ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചു. എല്ലാവരോടും സംസാരിക്കാതെ അങ്ങനെ ഒരു സ്ഥാനത്തിരിക്കാൻ കഴിയില്ലല്ലോ.
Post Your Comments