കോട്ടയ്ക്കല്‍: വീട് ലഭിക്കാന്‍ പലതവണ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയും കുത്തിയിരിപ്പുസമരം നടത്തുകയുംചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. കോഴിച്ചെനയില്‍ ദേശീയപാതയോരത്തെ കണ്ടന്‍ചിനയില്‍ താമസിക്കുന്ന മുരളീധരനെ(30)യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ടന്‍ചിനയിലെ മൈതാനത്തിലുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ടന്‍ചിനയ്ക്കടുത്തുള്ള പീടികത്തിണ്ണയിലാണ് തമിഴ്‌നാട് സ്വദേശിയായ മുരളീധരനും കുടുംബവും താമസിക്കുന്നത്.
ഏതെങ്കിലും ഭവനനിര്‍മാണപദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടുതരണമെന്ന ആവശ്യവുമായി മുരളീധരന്‍ പലതവണ തെന്നല ഗ്രാമപ്പഞ്ചായത്തിനെ സമീപിച്ചിരുന്നു. സ്വന്തമായി റേഷന്‍കാര്‍ഡോ സ്ഥലമോ ഇല്ലാത്ത മുരളീധരന് ലൈഫ് പദ്ധതിയില്‍ വീടിന് സഹായമനുവദിക്കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതിവേണമെന്ന് തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീന്‍ പറഞ്ഞു.
ആശ്രയ പദ്ധതിപ്രകാരം വീടിന് സഹായമനുവദിക്കാമെന്നാണ് പ്രതിപക്ഷാംഗങ്ങള്‍ പറയുന്നത്. ഇവര്‍ ഇക്കാര്യം ഭരണസമിതിയില്‍ ഉന്നയിച്ചതായും പറയുന്നു. അനുകൂലമായ നിലപാടുകളൊന്നും ലഭിക്കാത്തതിനാല്‍ നിരാശനായ മുരളീധരന്‍ ദിവസങ്ങള്‍ക്കുമുന്‍പ് കുടുംബത്തോടൊപ്പം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. ഇതേക്കുറിച്ച് ഇയാള്‍ പലരോടും വിഷമത്തോടെ സംസാരിക്കുകയും ചെയ്തിരുന്നു.
അമ്പതു തെന്നലയിലെത്തിയതാണ് അച്ഛന്‍ മനോഹരനും അമ്മ പഞ്ചവര്‍ണവുമടക്കമുള്ള മുരളീധരന്റെ കുടുംബം. ആക്രിവില്പനക്കാരനാണ് മുരളീധരന്‍. മുത്തുലക്ഷ്മിയാണ് ഭാര്യ. നാലുമക്കളുണ്ട്. തെരുവില്‍നിന്ന് പഠിച്ചുവളര്‍ന്ന് മാധ്യമശ്രദ്ധ നേടിയ ശ്രീദേവി മുരളീധരന്റെ അർദ്ധസഹോദരിയാണ്.
Post Your Comments