Kerala

കോണ്‍ഗ്രസിന്റെ ഹൈക്കമാന്റ് സ്ഥാനം പാണക്കാടിനു കൈമാറി: പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസ് മാണിവിഭാഗത്തിന് നല്‍കിയതിലൂടെ യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുത്തതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടതായിരുന്നു. സീറ്റ് നല്‍കിയത് കേരള കോണ്‍ഗ്രസിന്. തീരുമാനം കൈക്കൊണ്ടത് മുസ്ലീം ലീഗും. ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ സ്ഥാനം പാണക്കാട് തങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഭാവിയില്‍ കേരള കോണ്‍ഗ്രസിന് ലീഗിനു വേണ്ടി പ്രത്യുപകാരം ചെയ്യേണ്ടതായി വരും. കര്‍ണ്ണാടക മോഡലില്‍ ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് സംസ്ഥാനത്ത് വര്‍ഗ്ഗീയതയെ വളര്‍ത്തുന്നു. ന്യൂനപക്ഷ ഭൂരിപക്ഷ വേര്‍തിരിവ് ഉണ്ടാക്കി. ന്യൂന പക്ഷങ്ങളുടെ ഇടയില്‍ ഹിന്ദുക്കളുടെ പേരു പറഞ്ഞ് ഭീഷണി സൃഷ്ടിക്കുന്നു. ഹിന്ദുക്കളുടെ ഇടയില്‍ ജാതിയും ഉപജാതിയും പറഞ്ഞ് ചേരിതിരിവ് സൃഷ്ടിക്കുന്നു. ഈ നയമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും പരീക്ഷിച്ചത്. സിപിഎം വര്‍ഗ്ഗീയത ആളിക്കത്തിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കളഭം ചാര്‍ത്തിയുള്ള പോസ്റ്റര്‍വരെ മാറ്റി അച്ചടിക്കേണ്ടിവന്നു. ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മുമ്പെങ്ങുമില്ലാത്ത വിധം സിപിഎം വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ഐഎന്‍എല്ലിനെ ഘടകക്ഷിയാക്കാന്‍ നടക്കുന്ന നീക്കം ഇതിന് ഉദാഹരണമാണ്. വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി ഇരു കൂട്ടരും ചേര്‍ന്ന് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനാല്‍ കേരള ജനത ജാഗ്രത പാലിയ്ക്കണം. കേരളത്തില്‍ കോണ്‍ഗ്രസ് അധഃപതിച്ചു. അതിനാല്‍ ആത്മാര്‍ത്ഥത ഉള്ളവര്‍ ബിജെപിയിലേക്ക് വരണമെന്നും കൃഷ്ണദാസ് പറഞ്ഞു.

പത്തനംതിട്ട ബസ്സ്റ്റാന്റിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ജനാധിപത്യപരമായി പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകനെതിരെ വീണാജോര്‍ജ്ജ് എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തു. എന്നാല്‍ കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകയായ ലസിതാ പാലയ്ക്കലിനെ വളരെ മോശമായി സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചതിനെതിരെ പരാതി നല്‍കി ദിവസങ്ങൾ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ പോലും പോലീസ് രജിസ്റ്റര്‍ ചെയ്തില്ല. വീണാജോര്‍ജ്ജിനെതിരെ ജനാധിപത്യപരമായ രീതിയില്‍ ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷും ഒപ്പമുണ്ടായിരുന്നു.

Also read : അനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇനിയുള്ള ജീവിതം : അറ്റ്‌ലസ് രാമചന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button