Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

പകയുടെയും പ്രതികാരത്തിന്റേയും ആള്‍‌രൂപമാണ് ഉമ്മൻ‌ചാണ്ടി: ഗൂഢാലോചന എ.ഐ.സി.സി. അന്വേഷിക്കണമെന്ന് പി.ജെ. കുര്യന്‍

തിരുവനന്തപുരം: രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ നേത്രത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കോണ്‍ഗ്രസിന്‌ അര്‍ഹമായ രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസി(എം)നു നല്‍കാന്‍ “തീരുമാനിച്ച രീതി” തെറ്റിപ്പോയെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല തുറന്നു സമ്മതിച്ചു. കെ.പി.സി.സി. രാഷ്‌ട്രീയകാര്യസമിതി യോഗത്തിലാണു ചെന്നിത്തലയുടെ കുറ്റസമ്മതം.

തെറ്റ്‌ ആവര്‍ത്തിക്കല്ലെന്നും അദ്ദേഹം യോഗത്തില്‍ വ്യക്‌തമാക്കി. യു.ഡി.എഫില്‍ തിരിച്ചെത്തുന്നതിനു മുൻപേ കേരള കോണ്‍ഗ്രസി(എം)നു സീറ്റ്‌ നല്‍കിയ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണു യോഗത്തിലുയര്‍ന്നത്‌. പ്രധാനമായും ഉമ്മന്‍ ചാണ്ടിക്കു നേരേയായിരുന്നു ആക്രമണം. ബെന്നിയും വിഷ്‌ണുനാഥും ഉമ്മന്‍ ചാണ്ടിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചതു പി.ജെ. കുര്യനുമായുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം, കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസനെയും രമേശ്‌ ചെന്നിത്തലയേയും നിര്‍ത്തിപ്പൊരിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ഭാഷയിലാണ് പി ജെ കുര്യന്‍ സംസാരിച്ചത്. ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട കുര്യന്‍ ചോദിച്ചു. രാജ്യസഭാ സീറ്റ് ചര്‍ച്ചയ്ക്ക് എന്തിനാണ് അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണെങ്കില്‍ കെസി വേണുഗോപാലിനെയല്ലേ വിളിക്കേണ്ടതെന്നും കുര്യന്‍ ചോദിച്ചു. പകയുടേയും പ്രതികാരത്തിന്റേയും ആള്‍രൂപമായ ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്നും കുര്യന്‍ ചോദിച്ചു.

പാര്‍ട്ടിയില്‍ മൂവര്‍സംഘത്തിന്റെ അപ്രമാദിത്വം അംഗീകരിക്കില്ലെന്നു യോഗത്തില്‍ പങ്കെടുത്തവരെല്ലാം വ്യക്‌തമാക്കി. യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കാത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നു. കേരള കോണ്‍ഗ്രസി(എം)നു നല്‍കിയ സീറ്റില്‍ ജോസ്‌ കെ. മാണി ലോക്‌സഭാംഗത്വം രാജിവച്ച്‌ മത്സരിക്കുന്നതു ശരിയല്ലെന്നു യോഗം ആരോപിച്ചു. ഇതുമൂലം യു.പി.എയ്‌ക്കു ലോക്‌സഭയില്‍ ഒരാള്‍ കുറയും. കോട്ടയത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നാല്‍ യു.ഡി.എഫിന്റെ നില സുരക്ഷിതമായിരിക്കില്ലെന്ന്‌ എല്ലാവരും ചൂണ്ടിക്കാട്ടി.

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ശക്‌തമായ ഗൂഢാലോചന നടന്നെന്നു കുര്യന്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു പിന്തുണതേടി, പാലായില്‍ കെ.എം. മാണിയുടെ വീട്ടില്‍ പോകുന്നതിനു മുൻപേ രാജ്യസഭാ സീറ്റ്‌ ഉമ്മന്‍ ചാണ്ടി അവര്‍ക്കു വാഗ്‌ദാനം ചെയ്‌തിരുന്നു. ഇക്കാര്യം എ.ഐ.സി.സി. അന്വേഷിക്കണം. തെളിവു നല്‍കാന്‍ തയാറാണ്‌. ഡല്‍ഹി ചര്‍ച്ചകള്‍ക്ക്‌ ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കേണ്ട കാര്യമില്ലായിരുന്നുവെന്നു കുര്യൻ ആരോപിച്ചു. കുര്യന്റെ വിമര്‍ശനം ശക്തമായതോടെ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിച്ച്‌ എ ഗ്രൂപ്പ് രംഗത്തു വന്നെങ്കിലും പ്രതിരോധം ദുർബലമായിരുന്നു.

താന്‍ രാജ്യസഭാ സീറ്റ്‌ ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും മറ്റുള്ളവരെ ഉപയോഗിച്ച്‌ തന്നെ അപമാനിച്ചെന്നു കുര്യന്‍ തുറന്നടിച്ചു. പി.സി. ചാക്കോയും അദ്ദേഹത്തെ പിന്തുണച്ചു. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ രമേശ്‌ ചെന്നിത്തല മൂകസാക്ഷിയാണ്‌. രാഹുല്‍ ഗാന്ധിയും കടുത്ത അതൃപ്‌തിയിലാണ്‌-ചാക്കോ ചൂണ്ടിക്കാട്ടി.യു.ഡി.എഫ്‌ ശക്‌തിപ്പെടണമെങ്കിലും അതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ ആത്മാഭിമാനം അടിയറ വയ്‌ക്കരുതായിരുന്നെന്നു കെ.വി. തോമസ്‌ കുറ്റപ്പെടുത്തി.

നേതൃത്വത്തിനു ഗുരുതരവീഴ്‌ചയുണ്ടായെന്നും രണ്ടു ഗ്രൂപ്പുകാര്‍ മാത്രം തീരുമാനിച്ചാല്‍ എല്ലാവരും അംഗീകരിക്കുന്ന കാലം കഴിഞ്ഞെന്നും സുധീരന്‍ പറഞ്ഞു. ഗ്രൂപ്പ്‌ അടിസ്‌ഥാനത്തിലുള്ള സ്‌ഥാനാര്‍ഥി നിര്‍ണയവും സീറ്റ്‌ വീതംവയ്‌ക്കലും ഇനി നടക്കില്ലെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഘടകകക്ഷികളുടെ താത്‌പര്യത്തിനു കോണ്‍ഗ്രസ്‌ വഴങ്ങാന്‍ പാടില്ലായിരുന്നെന്ന്‌ ആലപ്പുഴ ഡി.സി.സി. അധ്യക്ഷന്‍ എം. ലിജു പറഞ്ഞു.

ബി.ജെ.പിയെ പുറത്തുനിര്‍ത്താനെന്ന പേരില്‍ കര്‍ണാടക മോഡലിന്‌ ഇവിടെ ശ്രമിക്കരുതെന്നായിരുന്നു ഷാനിമോള്‍ ഉസ്‌മാന്റെ നിലപാട്‌. ഉമ്മന്‍ചാണ്ടി വഴിയില്‍ കെട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിയെ വളര്‍ത്തിയ നേതാവാണ്‌ഉമ്മന്‍ചാണ്ടിയെന്ന് ഓര്‍ക്കണമെന്ന് പിസി വിഷ്‌ണുനാഥും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button