ദുബായ്: മൂന്നുവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന് ഏറ്റവും കടപ്പാട് എല്ലാ കഷ്ടതയിലും തന്നോടൊപ്പം നിന്ന ഭാര്യ ഇന്ദിരയോട്. സന്ദർശകരെ പോലും അനുവദിക്കാതെ ഭാര്യ ഇന്ദുവിനോടൊപ്പം കഴിയുകയാണ് രാമചന്ദ്രൻ. ആദ്യം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനുള്ള ശ്രമത്തിലാണ് രാമചന്ദ്രൻ. താന്‍ എല്ലാം തിരിച്ചുപിടിക്കുമെന്നും, കഴിഞ്ഞത് തന്റെ വനവാസമായിരുന്നുവെന്നും രാമചന്ദ്രന് പറയുന്നു.
തന്റെ ഭാര്യ സഹിച്ച കഷ്ടപാടുകളാണ് രാമചന്ദ്രന് വീണ്ടും ഫീനിക്സ് പക്ഷിയെ പോലെ ഉയര്ത്തെഴുന്നേല്ക്കാന് പ്രേരണയാകുന്നത്. ഭാര്യ ഇന്ദു എന്റെ ബിസിനസില്‍ ഇടപെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. തന്നെ മോചിപ്പിച്ചതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഭാര്യയോടാണ്. ഒരു ചെക്കില്‍ എവിടെ ഒപ്പിടണമെന്ന് പോലും അറിയാതിരുന്ന ഭാര്യ, അവളാണ് തന്നെ പുറത്തെത്തിച്ചതിന് കൂടുതല്‍ സഹായിച്ചത്. ജയിലിലായ സമയത്ത് പുറത്തെ വെളിച്ചം കാണാന്‍ ഒരുപാട് കൊതിച്ചു.
നമ്മളെ ഒരു ഫ്രീസറില്‍ അടച്ചുവച്ചതു പോലെ തോന്നുമായിരുന്നു. അത്രയ്ക്ക് തണുപ്പ്. സ്ഥാപനങ്ങളും വസ്തുക്കളുെമല്ലാം കുറഞ്ഞ വിലയ്ക്കാണല്ലോ വിറ്റുപോയത് എന്നാലോചിക്കുമ്പോള്‍ വിഷമമുണ്ട്. ഞാന്‍പുറത്തുണ്ടായിരുന്നെങ്കില്‍ എനിക്ക് സ്ഥാപനങ്ങളെല്ലാം വില്ക്കുമ്പോള് കൂടുതല്‍ വിലയക്ക് വേണ്ടി വാദിക്കാന്‍ കഴിയുമായിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ചോറും പച്ചക്കറികളുമാണ്. അത് ജയലില്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഭക്ഷണകാര്യത്തില്‍ തൃപ്തനായിരുന്നു.
തന്നെ പൊലീസ് കാണണമെന്നു മാത്രമാണ് ആദ്യം ആവശ്യപ്പെട്ടത്. അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല അറസ്റ്റു ചെയ്യുമെന്ന്. ഞാന്‍ ഒരിക്കലും ഒളിവിലായിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസ് വിളിച്ചപ്പോള്‍ സംശയം തോന്നിയില്ല. നന്നായി നടത്തിയിരുന്ന രണ്ട് ആശുപത്രികള്‍ വിറ്റു. ഒന്നില്‍ 1300ലധികം രോഗികളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലമുണ്ടായിരുന്നു. തന്റെ ശിഷ്ടജീവിതം ഇന്ദുവിനുവേണ്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ വിലമതിക്കുന്ന ഡയമണ്ടെല്ലാം കുറഞ്ഞ വിലയ്ക്കു വില്‍ക്കേണ്ടി വന്നു.
ജീവനക്കാര്‍ക്കുള്ള ശമ്പളവും ഗ്രാറ്റുവിറ്റിയുമൊക്കെ തീര്‍ക്കാനായിരുന്നു അത്. കമ്പനിയുടെ ജനറൽ മാനേജർ പോലും വിട്ടു പോയിരുന്നു. ഇന്ദുവാണ് ആ സമയം സധൈര്യം നേരിട്ടത്. താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ടില്ല എന്നത് ഭാഗ്യമാണ്. ഒരു ദിവസം കുറഞ്ഞത് 10 തവണയെങ്കിലും ഇന്ദു വിളിക്കുമായിരുന്നു. അറ്റ്ലസ് രാമചന്ദ്രനൊപ്പം എവിടെ പോയാലും തിളങ്ങുന്ന മുഖവുമായി ഇന്ദിരയെന്ന ഇന്ദുവും ഉണ്ടായിരുന്നു. അതുകൊണ്ട് മലയാളിയുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമയായ അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യയുടെ മുഖം മലയാളികളുടേയും മനസ്സില്‍ പതിഞ്ഞു.
മൂന്ന് വര്‍ഷം മുൻപ് പൊലീസ് വിളിക്കുമ്പോള്‍ ഭര്‍ത്താവിനൊപ്പം ഇന്ദുവും പൊലീസ് സ്റ്റേഷനില്‍ പോയി. പിന്നീട് അപ്രതീക്ഷിതമായി അറസ്റ്റ് വാര്‍ത്ത എത്തി. മകളും മരുമകനും ഭര്‍ത്താവും അറസ്റ്റില്‍. ഏക മകന് പൊലീസിനെ ഭയന്ന് നാട് വിട്ടു. ഇതോടെ അവര്‍ ഒറ്റപ്പെട്ടു. മുടികളെല്ലാം നരച്ച് വെളുത്തത് പോലും അവര്‍ അറിഞ്ഞില്ല. മെലിഞ്ഞുണങ്ങിയ ശരീരവും പോരാട്ടത്തിന്റെ മനസ്സുമായി അവര്‍ പലരേയും കണ്ടു. ചര്‍ച്ച നടത്തി. അങ്ങനെ 40 കൊല്ലാം ജയിലില്‍ കിടക്കുമെന്ന് ഏവരും പറഞ്ഞ അറ്റ്ലസ് രാമചന്ദ്രന് പുറത്തെത്തി.
രാമചന്ദ്രന്റെ ജയില്‍ മോചനം സാധ്യമായത് കര്‍ശന വ്യവസ്ഥകളോടെയാണ്. ജയില്‍ മോചിതനായെങ്കിലും കടബാധ്യതകള്‍ പരിഹരിക്കാതെ അറ്റ്ലസ് രാമചന്ദ്രന് ദുബായ് വിടാനാകില്ല. കടബാധ്യതകള്‍ പരിഹരിക്കുന്നത് വരെ അറ്റ്ലസ് രാമചന്ദ്രന് യാത്രാ വിലക്കുണ്ടാകും. ബാധ്യതകള്‍ തീര്‍ക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടി കൂടിയാണ് ഇപ്പോഴത്തെ ജാമ്യമെന്നാണ് സൂചന.22 ബാങ്കുകള്‍ക്കും മൂന്ന് സ്വകാര്യ പണമിടപാടുകാര്‍ക്കും അറ്റ്ലസ് രാമചന്ദ്രന് പണം കൊടുക്കാനുണ്ട്. 550 ദശലക്ഷം ദിര്‍ഹം (ആയിരം കോടി) രൂപയോളമാണ് അദ്ദേഹത്തിന്റെ കടബാധ്യത.
ബാങ്കുകളുമായി ധാരണ ആയതോടെയാണ് അദ്ദേഹത്തിന് ജയില്‍ മോചനം സാധ്യമായത്. പുതിയ ധാരണ പ്രകാരം ഈ തുകയില്‍ എത്ര തിരിച്ചടക്കേണ്ടി വരും എന്ന് വ്യക്തമല്ല. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സ്വത്തുക്കള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കാനാണ് ശ്രമം. ബാധ്യതകളില്‍ ഒളിച്ചോടരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആസ്തികള്‍ കുറഞ്ഞ വിലക്ക് വില്‍ക്കേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും രാമചന്ദ്രന് പറയുന്നുണ്ട്.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്‍ദേശപ്രകാരം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരിയുടെ അവസരോചിത നീക്കങ്ങളാണു കര്‍ശന ജാമ്യവ്യവസ്ഥയിലെങ്കിലും മോചനം സാധ്യമാക്കിയത്. സൂരിയുടെ ഇടപെടലിനെത്തുടര്‍ന്നു രാമചന്ദ്രന്റെ മോചനത്തിനു തടസമായി നിന്നിരുന്ന ബാങ്കുകള്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനു വഴങ്ങി. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇതുസംബന്ധിച്ച തീരുമാനം ബാങ്കുകള്‍ കൈക്കൊണ്ടത്.
എന്നാല്‍, രാമചന്ദ്രനു വായ്പ നല്‍കിയിരുന്ന രണ്ട് ഇന്ത്യക്കാരുടെയും പാക്കിസ്ഥാനിയുടെയും ധനകാര്യ സ്ഥാപനങ്ങള്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിനെ എതിര്‍ത്തു. സുഷമാ സ്വരാജ് നിലപാട് കടുപ്പിച്ചതോടെ ഇന്ത്യക്കാർ വഴങ്ങുകയായിരുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലും രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് സഹായകമായി. ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍, രാമചന്ദ്രന് പുറത്തിറങ്ങിയാല്‍ കടങ്ങള്‍ വീട്ടുമെന്ന് ഉറപ്പുനല്‍കാന്‍ വരെ തയാറായി.
ബിജെപി. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും സുരേഷ് ഗോപി എംപിയുമൊക്കെയാണു രാമചന്ദ്രന്റെ ദുരവസ്ഥ സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ബിജെപി. പ്രവാസി സെല്ലും സുഷമയുടെ ഇടപെല്‍ അഭ്യര്‍ത്ഥിച്ചു. രാമചന്ദ്രന്റെ ബിസിനസുകള്‍ നേരായ വഴിയിലാണെന്നു കേരള സര്‍ക്കാര്‍ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ കേന്ദ്രം സജീവമായി ഇടപെട്ടു. പാക്കിസ്ഥാന് സ്വദേശിയുടെ എതിര്‍പ്പുമൂലം രാമചന്ദ്രന്റെ മോചനം മൂന്നു മാസത്തിലേറെ വീണ്ടും നീണ്ടു. രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയും പ്രവാസി സംഘടനകളും നടത്തിയ ഇടപെടല്‍ ഒടുവില്‍ പാക്കിസ്ഥാന് സ്വദേശിയുടെ മനസുമാറ്റി.
ഇതോടെയാണ് മോചനം സാധ്യമായത്. രാമചന്ദ്രന്റെ രണ്ടാം ജന്മത്തിനു കടപ്പാട് പ്രമുഖ വ്യവസായിയും യു.എ.ഇ. എക്സ്ചേഞ്ചിന്റെ ഉടമയുമായ ബി.ആര്. ഷെട്ടിയോടാണ്. ഗള്‍ഫിലെ അറ്റ്ലസിന്റെ ആശുപത്രികള്‍ അദ്ദേഹം ഏറ്റെടുത്തതോടെ കേസുകള്‍ക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിക്കുകയായിരുന്നു. രാമചന്ദ്രന്റെ ദുരവസ്ഥയില്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ ചുളുവിലയ്ക്കു വാങ്ങാന്‍ കാത്തുനിന്ന പലരെയും ഷെട്ടിയുടെ ഇടപെടല്‍ നിരാശരാക്കുകയും ചെയ്തു. ഒട്ടേറെ ആശുപത്രികളുടെ ഉടമയായ ഷെട്ടിക്ക് അറ്റ്ലസ് ആശുപത്രികള്‍ ഭാരമാകില്ലെന്ന തിരിച്ചറിവും രാമചന്ദ്രന്റെ മോചനത്തിനു വേഗം കൂടി.
ആഗോള ആരോഗ്യ പരിചരണ ശൃംഖലയായ എന്‍.എം.സി. ഹെല്‍ത്ത് കെയര്‍, പ്രമുഖ പണവിനിമയ സ്ഥാപനമായ യു.എ.ഇ. എക്സ്ചേഞ്ച് തുടങ്ങി നിരവധി സംരംഭങ്ങളുടെ അമരക്കാരനായ ഷെട്ടി മംഗലാപുരം ഉഡുപ്പി സ്വദേശിയാണ്. സുഷമ സ്വരാജ് ദുബായ് സര്‍ക്കാരിനു കത്തയച്ച് ആവശ്യമായ നടപടികള്‍ക്ക് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ ചുമതലപ്പെടുത്തി. അദ്ദേഹമാണ് ബാങ്കുകളുമായി സംഭാഷണം നടത്തി ഒത്തുതീര്‍പ്പുകളിലേക്കു വഴിതുറന്നത്.
Post Your Comments