ഏറ്റവും കൂടുതല്‍ മായം വെളിച്ചെണ്ണയില്‍
കൊച്ചി•ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ സംഘടനയായ കണ്‍സ്യൂമര്‍ വോയ്സിന്റെ ഗവേഷണത്തില്‍ രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ വിറ്റഴിക്കുന്ന ലൂസ് ഭക്ഷ്യ എണ്ണയില്‍ 85% വരെ മായം കലര്‍ന്നതാണെന്ന് സ്ഥിരീകരിച്ചു. കടുകെണ്ണ, എള്ളെണ്ണ, വെളിച്ചെണ്ണ, സണ്‍ഫ്ളവര്‍, പാമോലീന്‍, സോയാബീന്‍, കടലെണ്ണ, പരുത്തിക്കുരു തുടങ്ങി 8 പ്രധാന ഇനങ്ങളില്‍ മായമുണ്ടെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഉപഭോക്തൃ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും അവകാശങ്ങളെക്കുറിച്ച് ഉപഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്നദ്ധസംഘടനയാണ് കണ്‍സ്യൂമര്‍ വോയ്സ്.
പരിശോധിച്ച സാമ്പിളുകളില്‍ 85% മായം കലര്‍ന്നിട്ടുള്ള വെളിച്ചെണ്ണയിലാണ് ഏറ്റവും കൂടുതല്‍ മായമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരുത്തിക്കുരു എണ്ണ, എള്ളെണ്ണ, കടുകെണ്ണ എന്നിവയില്‍ യഥാക്രമം 74.07%, 74%, 71.77% എന്നിങ്ങനെ മായം കണ്ടെത്തിയിട്ടുണ്ട്.
നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഓഫ് ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിലാണ് എണ്ണകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങി 15 സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച 1,015 എണ്ണ സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. എഫ്എസ്എസ്എഐ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരത്തിന്റെയും സുരക്ഷാ നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടന്നത്.
മായം കലര്‍ന്ന എണ്ണകള്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും അലര്‍ജികള്‍ക്ക് കാരണമാകുകയും ചെയ്യുന്നതിനപ്പുറം ക്യാന്‍സര്‍, പരാലിസിസ്, കരള്‍ രോഗം, ഹൃദയാഘാതം തുടങ്ങിയ മാരക രോഗങ്ങള്‍ക്കും കാരണമാകും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് നിയമം പ്രകാരം ലൂസ് ഭക്ഷ്യ എണ്ണ വില്‍ക്കുന്നതിലും വാങ്ങുന്നതിലും നിരോധനമുണ്ടെങ്കിലും രാജ്യത്ത് ഇതിന്റെ വില്പന തടസമില്ലാതെ തുടരുകയാണ്.
നിലവില്‍ വിപണിയില്‍ ലഭ്യമായ ലൂസ് എണ്ണകളില്‍ അടങ്ങിയിട്ടുള്ള മായത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനകള്‍ നടത്തിയതെന്ന് കണ്‍സ്യൂമര്‍ വോയ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആഷിം സന്യാല്‍ പറഞ്ഞു. ലൂസ് ഭക്ഷ്യ എണ്ണയുടെ വില്പന തടയുന്നതിനും നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments