സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വർദ്ധനവ്. സർക്കാർ ഏജൻസികൾ സംഭരണം സജീവമാക്കിയതോടെയാണ് വെളിച്ചെണ്ണ വില കുതിച്ചത്. കൊച്ചിയിലെ വിപണിയിൽ വെളിച്ചെണ്ണ ലിറ്ററിന് 160 രൂപ കവിഞ്ഞിട്ടുണ്ട്. അതേസമയം, ചെറുകിട മില്ലുകളിൽ 220 രൂപയിലധികമാണ് വില ഈടാക്കുന്നത്. വെളിച്ചെണ്ണയ്ക്ക് പിന്നാലെ കൊപ്ര വിലയിലും ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ദിവസങ്ങൾക്ക് മുൻപ് വരെ 78 രൂപ വിലയുണ്ടായിരുന്ന കൊപ്ര വില ഇപ്പോൾ 100 രൂപയ്ക്ക് മുകളിൽ എത്തിയിട്ടുണ്ട്.
തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് നാഫെഡ് നേരിട്ട് കൊപ്ര സംഭരിക്കാൻ തുടങ്ങിയതാണ് വില പെട്ടെന്ന് ഉയരാനുള്ള കാരണമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഇതോടൊപ്പം ഉത്സവ സീസൺ എത്തിയതോടെ വെളിച്ചെണ്ണയുടെ അധിക ഉപയോഗവും വില കൂടാൻ കാരണമായി. ദീപാവലി കഴിയുന്നതുവരെ ഇതേ നിരക്കിൽ വില തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ, കേരളം, തമിഴ്നാട്, കർണാടക, ഒഡീഷ എന്നിവിടങ്ങളിൽ ഉൽപ്പാദനം ഗണ്യമായി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വലിയ വിലക്കയറ്റം ഉണ്ടാകാൻ സാധ്യതയില്ല.
Post Your Comments