ന്യൂഡല്‍ഹി: 2019 ല്‍ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ശിവസേനയുടെ പരിഹാസം. ആര്‍.എസ്.എസിനും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കുമെതിരെയാണ് ആരോപണവുമായി ശിവസേന രംഗത്തുവന്നിരിക്കുന്നത്. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത പ്രണബ് മുഖര്‍ജി 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. ആര്‍.എസ്.എസ് പരിപാടിയിലേക്ക് പ്രണബിനെ ക്ഷണിച്ചത് ഇതിന്റെ മുന്നോടിയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് റാവത്ത് പറഞ്ഞു. നിലവിലുള്ള സീറ്റുകളില്‍ നിന്ന് 110 സീറ്റുകളെങ്കിലും ബി.ജെ.പിക്ക് കുറയും. ഇത്തരമൊരു സാഹചര്യത്തില്‍ പ്രണബ് മുഖര്‍ജിയെ ആര്‍.എസ്.എസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമെന്നും ഇതിന് മുന്നോടിയായുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.
ജൂണ്‍ 7ന് നടന്ന ആര്‍.എസ്.എസ് പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുത്തത്. കോണ്‍ഗ്രസില്‍ നിന്നും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വ്യാപക എതിര്‍പ്പ് ഉയര്‍ന്നിട്ടും പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്ത് എത്തുകയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തു. ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഭാരതത്തിന്റെ മഹാനായ പുത്രനാണെന്ന് പുകഴ്ത്താനും പ്രണബ് തയ്യാറായി. ഇത് സംഘപരിവാര്‍ കേന്ദ്രങ്ങളുമായി മുന്‍ രാഷ്ട്രപതി അടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ബി.ജെ.പി-ശിവസേന ബന്ധം വഷളായിരിക്കെയാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന. ഉപതെരഞ്ഞെടുപ്പുകളിലേയും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേയും പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ശിവസേനയെ അനുനയിപ്പിക്കാന്‍ അമിത് ഷാ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഒപ്പമുണ്ടായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് പൂര്‍വ സഖ്യത്തെക്കുറിച്ച് ശിവസേന യാതൊരു ഉറപ്പും അമിത് ഷായ്ക്ക് നല്‍കിയിട്ടില്ലെന്നാണ് സൂചന.
Post Your Comments