കോട്ടയം: പ്രണയിച്ചുവെന്ന പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ കെവിന്‌റെ ഓര്‍മ്മകളില്‍ ഓരോ നിമിഷവും കഴിയുകയാണ് നീനു. കെവിന്‌റെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിക്കുമൊപ്പമാണ് നീനു ഇപ്പോള്‍. തന്‌റെ വീട്ടില്‍ വെച്ച് അനുഭവിച്ച യാതനകളുടെ ഇടയില്‍ നിന്നും രക്ഷപെട്ടെന്ന ആശ്വാസവും നീനുവിന്‌റെ മുഖത്തുണ്ട്. ചെറുപ്പം മുതല്‍ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും താന്‍ അനുഭവിച്ചിരുന്ന ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നീനു. ക്രിസ്ത്യാനിയായ അച്ഛനും മുസ്ലിം വിശ്വാസിയായ അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സാമ്പത്തികമായി താഴ്ന്ന നിലയിലായിരുന്ന ഇവരുടെ കുടുംബം ഉയര്‍ച്ചയിലെത്തുന്നത് നീനുവിന്‌റെ അമ്മ രഹ്ന വിദേശത്ത് ജോലിയ്ക്ക് പോകുമ്പോഴാണ്.
വൈകാതെ ചാക്കോയും വിദേശത്തേക്ക് ജോലിയ്ക്കായി പോയി. ചെറുപ്രായം മുതല്‍ തന്നെ മാതാപിതാക്കള്‍ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. മാതാപിതാക്കള്‍ വഴക്കിട്ടുകൊണ്ടിരുന്നപ്പോള്‍ പിടിച്ച് മാറ്റാന്‍ ചെന്നതിന് തന്നെ ടോര്‍ച്ച് ഉപയോഗിച്ച് അച്ഛന്‍ അടിച്ചു. മൂക്ക് പൊട്ടി രക്തം ഒഴുകി. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആണ്‍കുട്ടികള്‍ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ ഇവര്‍ സ്‌കൂളില്‍ വന്ന് അവരെ തല്ലാറുണ്ടായിരുന്നു. ഇത് കാരണം തന്നോട് മിണ്ടാന്‍ തന്നെ ആണ്‍കുട്ടികള്‍ ഭയപ്പെട്ടിരുന്നു. ആണ്‍കുട്ടികളോട് മിണ്ടിയതിന്‌റെ പേരില്‍ അച്ഛന്‍ തന്‌റെ തല ഭിത്തിയിലിടിച്ച് പരുക്കേല്‍പിച്ചിരുന്നു. അച്ഛന്‌റെ ബന്ധുക്കളുടെ വീട്ടില്‍ പോകണമെന്ന് പറഞ്ഞതിന് അമ്മ ഇരുമ്പ് പഴുപ്പിച്ച് വെച്ചെന്നും നീനു പറയുന്നു. വീട്ടില്‍നിന്ന് മാറിനില്‍ക്കണമെന്ന ആഗ്രഹം മൂലമാണ് കോട്ടയത്ത് നീനു പഠിക്കാന്‍ വന്നത്.
Post Your Comments