കൊച്ചി : ഉമ്മന്‍ ചാണ്ടി തനിക്ക് ചെയ്തുതന്ന ഉപകാരങ്ങളെക്കുറിച്ച് വിളിച്ചുപറഞ്ഞാല്‍ തനിക്കും പലതും പറയേണ്ടതായിവരുമെന്ന് പി.ജെ. കുര്യന്‍. രാജ്യാന്തര വിമാനത്താവളത്തില്‍ വാര്‍ത്തലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2012ല്‍ തന്റെ സ്ഥാനാര്‍ഥിത്വം വന്നപ്പോള്‍ മാത്രമാണ് മലബാറില്‍നിന്ന് ഒരാള്‍ വേണമെന്ന് ഉമ്മന്‍ ചാണ്ടിക്ക് തോന്നിയത്. അതിനുമുമ്പ് അങ്ങനെയൊരാഗ്രഹം അദ്ദേഹത്തിന് തോന്നിയിട്ടില്ല. ഇപ്പോള്‍ മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് ചെറുപ്പക്കാര്‍ വേണമെന്ന ആഗ്രഹം തോന്നിയിരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ചെറുപ്പക്കാരെ ഉപയോഗപ്പെടുത്തി തന്നെ അധിക്ഷേപിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
സീറ്റ് കിട്ടിയാല്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരുകയെന്ന് ഹൈകമാന്‍ഡിനെ ഉമ്മന്‍ ചാണ്ടി തെറ്റിദ്ധരിപ്പിച്ചുവെന്ന് നേരത്തേ ഡല്‍ഹിയില്‍ അദ്ദേഹം ആരോപിച്ചിരുന്നു. തന്നെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ഹൈകമാന്‍ഡിന് താല്‍പര്യം. ഹൈകമാന്‍ഡ് വൃത്തങ്ങള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിവിരോധവും വ്യക്തിതാല്‍പര്യവും തന്നെ ഒഴിവാക്കുന്നതിന് പിന്നിലുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ ഗ്രൂപ്പിലുള്‍പ്പെട്ട ആളായിരുന്നു താന്‍. അമിതമായ ഗ്രൂപ്പിസം ദോഷംചെയ്യുമെന്നുകണ്ട് താന്‍ വിട്ടു. അതുകൊണ്ടു 2012ല്‍ ഉമ്മന്‍ ചാണ്ടി തന്നെ വെട്ടാന്‍ നോക്കി. അന്ന് എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും പിന്തുണച്ചുവെന്നും കുര്യന്‍ പറഞ്ഞു.
Post Your Comments