ആലപ്പുഴ: മാധ്യമങ്ങള്‍ സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ വേട്ടയാടുമെന്ന് എം.വി ഗോവിന്ദന്‍ പരസ്യമാക്കിയതോടെ മാധ്യമ പ്രവര്‍ത്തകരോട് എനിക്ക് പറയാനുള്ളത് രണ്ടേ രണ്ട് കാര്യങ്ങളാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇനി രണ്ട് വഴികളേ നിങ്ങളുടെ മുന്നിലുള്ളൂ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വെല്ലുവിളി സ്വീകരിച്ച് നട്ടെല്ലുയര്‍ത്തി ജീവിക്കുക അല്ലെങ്കില്‍ മോദി വിരുദ്ധത വിളമ്പി പിണറായി സ്തുതി ഉറക്കെ ചൊല്ലി ജീവിതം തള്ളി നീക്കുക. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഖില നന്ദകുമാറിനെ പിന്തുണച്ചും അതേസമയം കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ചും അദ്ദേഹം രംഗത്ത് എത്തിയത്.
Read Also: ലോറി സ്കൂട്ടറിൻ്റെ ഹാൻഡലിൽ തട്ടി മറിഞ്ഞ് വിമുക്തഭടൻ മരിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘അഖില നന്ദകുമാര്‍ എന്ന പഴയ സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം തന്നെയാണ്. പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണം തന്നെയാണ് കേരളത്തിലെ വാര്‍ത്തകളുടെ പകുതിയോളം സമയവും സ്ഥലവും അപഹരിക്കുന്നത്. എക്കാലവും അങ്ങനെ തന്നെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അത് അറിയാത്തവരല്ല ഇപ്പോള്‍ അഖിലയ്കക്കെതിരെ വാളെടുക്കുന്നത്. സിപിഎം നേതാക്കളുടെ പെരും നുണകള്‍ക്കായി എത്രയോ സമയവും സ്ഥലവും കേരളത്തിലെ മാധ്യമങ്ങള്‍ മാറ്റി വെച്ചിട്ടുണ്ട്. അപ്പോഴൊന്നും മറ്റ് കക്ഷികള്‍ക്ക് തോന്നാത്ത അസ്വാഭാവികത സിപിഎം നേതാക്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് രക്തത്തിലലിഞ്ഞ ഫാസിസ്റ്റ് ചിന്താഗതി കൊണ്ട് മാത്രമാണ്. അതില്‍ അത്ഭുതം തോന്നേണ്ട കാര്യവുമില്ല. വിമര്‍ശകരോട് ഇങ്ങനെയല്ലാതെ കമ്മ്യൂണിസ്റ്റുകള്‍ പെരുമാറിയ സംഭവം ലോകത്ത് എവിടെയും ഉണ്ടായിട്ടുമില്ല’.
‘പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം ഇതിനെ തുറന്നെതിര്‍ക്കാന്‍ ഇപ്പോഴും കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമ പ്രവര്‍ത്തകരും തയ്യാറാകുന്നില്ല എന്നതാണ്. അവര്‍ ഇപ്പോഴും അസാമാന്യ ബാലന്‍സിംഗ് രാഷ്ട്രീയം പ്രയോഗിക്കുകയാണ്. കമ്മ്യൂണിസവും ഫാസിസവും ഒന്നാണെന്ന് തുറന്ന് പറയാനോ അവരുടെ മാനവിക വിരുദ്ധ നിലപാടുകള്‍ ചര്‍ച്ച ചെയ്യാനോ നട്ടെല്ലില്ലാതെ പുട്ടിന് പീര പോലെ മോദി വിരുദ്ധത സമാസമം ചേര്‍ത്ത കഷായം വിളമ്പുന്ന തിരക്കിലാണ് ഇപ്പോഴും നമ്മുടെ വാര്‍ത്താ അടുക്കളകള്‍’.
‘2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ നാള്‍ മുതല്‍ നരേന്ദ്ര മോദി എന്ന നേതാവിനെ വേട്ടയാടിയത് പോലെ ഇത്രയേറെ മാധ്യമ ഭീകരതയ്ക്ക് വിധേയനായ മറ്റൊരു നേതാവ് ലോക രാഷ്ട്രീയത്തില്‍ ഇല്ല. പക്ഷേ അതിന്റെ പേരില്‍ നരേന്ദ്രമോദിയോ ബിജെപിയോ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകനെയോ സ്ഥാപനങ്ങളേയോ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ല. മാധ്യമങ്ങളോട് സ്വയം അകലം പാലിച്ച് ജനങ്ങളുടെ ഇടയിലേക്ക് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാനെ ശ്രമിച്ചിട്ടുള്ളൂ. അതിന്റെ ഫലമാണ് നരേന്ദ്ര മോദി ഇന്നും ലോകരാഷ്ട്രീയത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നത്.
പക്ഷേ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിണറായിയെ കുറ്റം പറയണമെങ്കിലും മോദി എന്ന തണല്‍ വേണം എന്നതാണ് സ്ഥിതി. കാരണം മോദിയെ വിമര്‍ശിക്കുന്നത് പോലെ അത്ര നിസാരമല്ല പിണറായിയെ വിമര്‍ശിക്കുന്നത് എന്ന് അവര്‍ക്ക് നന്നായി അറിയാം. എം.വി ഗോവിന്ദന്‍ അവരുടെ നയം ഒന്നുകൂടി വ്യക്തമാക്കി കഴിഞ്ഞു. പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ അവര്‍ വേട്ടയാടും. അതിന് ഒരു മാധ്യമ സ്വാതന്ത്ര്യവും തണലൊരുക്കില്ല. പരസ്യമായ ഭീഷണിയാണ്. രണ്ട് മാര്‍ഗ്ഗങ്ങളേ നിങ്ങളുടെ മുന്നിലുള്ളൂ. ഒന്നുകില്‍ വെല്ലുവിളി സ്വീകരിച്ച് നട്ടെല്ലുയര്‍ത്തി ജീവിക്കുക. അല്ലായെങ്കില്‍ മോദി വിരുദ്ധത വിളമ്പി പിണറായി സ്തുതി ഉറക്കെ ചൊല്ലി ജീവിതം തള്ളി നീക്കുക’.
Post Your Comments