മലപ്പുറം: ഡിസിസി ഓഫിസിനു മുന്നിലെ കൊടിമരത്തില്‍ മുസ്ലിം ലീഗിന്റെ കൊടി കെട്ടി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഒഫിസില്‍ പ്രവര്‍ത്തകര്‍ ലീഗിന്റെ കൊടി കെട്ടിയത്. വ്യാഴാഴ്ച രാത്രി വൈകിയാണു കൊടി കെട്ടിയതെന്നാണു സൂചന. എന്നാല്‍ ആരാണ് ഇതിനു പിന്നിലെന്നു വ്യക്തമായിട്ടില്ല. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക കെട്ടിടത്തിലാണ് ഡിസിസി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സംഭവം അറിഞ്ഞെത്തിയ പ്രാദേശിക നേതാക്കള്‍ രാവിലെത്തന്നെ കൊടി അഴിച്ചുമാറ്റി.
യുഡിഎഫിന്റെ ഒപ്പം ഇല്ലാതിരുന്നിട്ടും മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ മുന്നില്‍ നിന്നത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇത് ലീഗ് കോണ്‍ഗ്രസിന്റെ മുകളില്‍ നില്‍ക്കുന്നു എന്ന് പ്രതീകാത്മകമായി സൂചിപ്പിക്കുന്ന പ്രതിഷേധമായിരുന്നു ഇത്. മാണിയെ യൂഡിഎഫിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായ രാജ്യസഭാ സീറ്റ് നല്‍കാന്‍ സമര്‍ദ്ദം ചെലുത്തിയത് മുസ്ലിം ലീഗായിരുന്നു. ഉമ്മന്‍ചാണ്ടി എതിര്‍ത്തിട്ടും നടപ്പായത് കുഞ്ഞാലികുട്ടിയുടെ സമര്‍ദ്ദമാണ്. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ഇതിനിടെ ഇന്നലെ രാത്രി പാലായിലും ആലപ്പുഴയിലും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാലായില്‍ യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്തിന്റെ നയത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു.
Post Your Comments