തിരുവനന്തപുരം•ആര്.എസ്.എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗേവറിനെ പ്രശംസിച്ച മുന്‍ രാഷ്ട്രപതി കെ.ബി ഹെഡ്ഗേവറിന്റെ പ്രസ്താവനയെ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. കോണ്‍ഗ്രസാണ് നാളത്തെ ബി ജെ പി എന്ന തിയറിയുടെ പ്രാക്ടിക്കല്‍ ക്ലാസാണ് നാഗ്പൂരില്‍ നടക്കുന്നത്. പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ പരാമര്‍ശങ്ങള്‍ തീര്‍ത്തും അപലപനീയമാണെന്ന് കോടിയേരി പറഞ്ഞു.
ഹെഡ്ഗേവാറാണോ മഹാത്മാഗാന്ധിയാണോ ഇന്ത്യയുടെ മഹത്പുത്രനെന്നതിന് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല. കോണ്‍ഗ്രസിന് ആ സംശയമുള്ളതുകൊണ്ടാവണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാഷ്ട്രപതിയുമായിരുന്ന പ്രണബ് മുഖര്‍ജി ആര് എസ് എസ് ആസ്ഥാനത്ത് പോയി ഹെഡ്ഗേവാറിന് മഹത്പുത്ര പട്ടം നല്‍കിയതെന്നും കോടിയേരി ആരോപിച്ചു. രാഹുല്‍ഗാന്ധിക്കും ഇതേ നിലപാട് തന്നെയാണോ എന്നും കോടിയേരി ചോദിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആര് എസ് എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗേവാറാണോ മഹാത്മാഗാന്ധിയാണോ ഇന്ത്യയുടെ മഹത്പുത്രനെന്നതിന് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല. കോണ്‍ഗ്രസിന് ആ സംശയമുള്ളതുകൊണ്ടാവണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാഷ്ട്രപതിയുമായിരുന്ന പ്രണബ് മുഖര്‍ജി ആര് എസ് എസ് ആസ്ഥാനത്ത് പോയി ഹെഡ്ഗേവാറിന് മഹത്പുത്ര പട്ടം നല്‍കിയത്. എ ഐ സി സി പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കും ഇതേ നിലപാട് തന്നെയാണോ? എന്താണ് അദ്ദേഹം ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത്?
എം എസ് ഗോള്‍വാക്കറുടെ സ്മൃതിമണ്ഡപത്തില്‍ പ്രണബ് മുഖര്‍ജി പുഷ്പാര്‍ച്ചന നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകണ്ടു. ഗോള്‍വാക്കര്‍ ദേശീയപതാകയെ അംഗീകരിക്കുന്നുണ്ടോ? 1946 ജൂലായ് 14ന് നാഗ്പൂരില്‍ വെച്ച് ഗുരുപൂര്‍ണിമ ആഘോഷിക്കുമ്പോള്‍ ഗോള്‍വാക്കര്‍ പറഞ്ഞത് : ‘അവസാനം രാജ്യമൊന്നടങ്കം കാവി പതാകയ്ക്ക് മുന്നില്‍ നമിക്കുമെന്ന് ഞങ്ങള്‍ ദൃഡമായി വിശ്വസിക്കുന്നു’ എന്നാണ്. നമ്മുടെ ഭരണഘടനയെ കുറിച്ച ആര് എസ് എസിന്റെ കാഴ്ചപ്പാട് ‘വിചാരധാര’യില്‍ ഗോള്‍വാക്കര്‍ കുറിച്ചിട്ടുണ്ട്. : ‘വിവിധ പാശ്ചാത്യ രാജ്യങ്ങളുടെ ഭരണഘടനകളിലെ വ്യത്യസ്ത ആര്‍ട്ടിക്കിളുകള്‍ തുന്നിചേര്‍ത്തുണ്ടാക്കിയ ക്ലേശകരവും വിജാതീയതയുള്ളതുമായ ഒന്നാണ് നമ്മുടെ ഭരണഘടന. നമ്മുടെ സ്വന്തമെന്ന് വിളിക്കാവുന്ന യാതൊന്നും അതിലില്ല…’ ഇതിലുമേറെ എഴുതിയിട്ടും പറഞ്ഞിട്ടുമുണ്ട് എം എസ് ഗോള്‍വാക്കര്‍. അതെല്ലാം പ്രണബ് മുഖര്‍ജി വിസ്മരിച്ചോ?
ആര് എസ് എസ് ആസ്ഥാനത്ത് നിരന്തരം മുഴങ്ങുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. : ‘സ്നേഹവാത്സല്യങ്ങളുള്ള മാതൃഭൂമി, ഞാന്‍ എന്നന്നേയ്ക്കും നിന്നെ നമിക്കുന്നു. അല്ലയോ ഹിന്ദുക്കളുടെ പ്രഭോ, നീയെന്നെ സൗഖ്യത്തോടെ വളര്‍ത്തി. അല്ലയോ വിശുദ്ധഭൂമി, നന്മയുടെ ശ്രേഷ്ഠയായ സൃഷ്ടാവേ, ഞാന്‍ എന്റെയീ ശരീരം നിനക്കായി സമര്‍പ്പിക്കട്ടെ. ഞാന്‍ വീണ്ടും വീണ്ടും നിന്നെ നമിക്കുന്നു. അല്ലയോ സര്‍വ്വശക്തേ, ഹിന്ദുരാഷ്ട്രത്തിലെ അവിഭാജ്യഘടകങ്ങളായ ഞങ്ങള്‍ ആദരപൂര്‍വ്വം നിന്നെ വണങ്ങുന്നു. നിനക്കുവേണ്ടി ഞങ്ങള്‍ അര ചുറ്റിക്കെട്ടട്ടെ. ഹിന്ദുരാഷ്ട്രം സാധ്യമാവുന്നതിന് ഞങ്ങളെ അനുഗ്രഹിക്കു.’ ഇത് പ്രണബ് മുഖര്‍ജി ഏറ്റുചൊല്ലിയോ എന്നറിയാന്‍ മതനിരപേക്ഷ ഭാരതത്തിന് ആകാംക്ഷയുണ്ട്.
ഇന്നത്തെ കോണ്‍ഗ്രസാണ് നാളത്തെ ബി ജെ പി എന്ന തിയറിയുടെ പ്രാക്ടിക്കല്‍ ക്ലാസാണ് നാഗ്പൂരില്‍ നടക്കുന്നത്. പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ പരാമര്‍ശങ്ങള്‍ തീര്‍ത്തും അപലപനീയമാണ്.
Post Your Comments