തിരുവനന്തപുരം∙ ഡിജിപി ലോക്നാഥ് ബെഹ്റയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രോഗ്രസ് കാർഡിൽ നിന്ന് പൊലീസ് വീഴ്ചവരുത്തിയ നാലു സുപ്രധാന കേസുകൾ ഒഴിവാക്കി.അടുത്തിടെ പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ വരാപ്പുഴ കസ്റ്റഡി കൊലപാതകം, കോവളത്തെ വിദേശ വനിതയുടെ കൊലപാതകം,കെവിന്റെ ദുരഭിമാന കൊല, മലപ്പുറത്തെ തിയറ്റർ പീഡനം എന്നീ കേസുകളൊന്നും പട്ടികയിലില്ല.
സംസ്ഥാന പൊലീസ് മേധാവിയായി 2016 ജൂൺ ഒന്നിനു ചുമതലയേറ്റതു മുതൽ തെളിയിച്ച പ്രധാന കേസുകൾ വിശദമാക്കുന്ന കേരള പൊലീസിന്റെ ‘പരിണാമ യാത്രാ’ കുറിപ്പിലാണു വീഴ്ചകൾ മൂടിവച്ചത്. വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി പിടികൂടിയാണു പൊലീസ് മർദിച്ചു കൊലപ്പെടുത്തിയത്. കേസിൽ എസ്പി അടക്കം സസ്പെൻഷനിലാണ്. വിദേശ വനിത ലിഗയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ സഹോദരിയെ കളിയാക്കി വിട്ട പൊലീസ് ഒരു മാസം കഴിഞ്ഞാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്.
ദുരഭിമാന കൊലപാതകത്തിന് ഇരയായ കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതി സ്വീകരിക്കാൻ പോലും തയാറാകാത്ത പൊലീസ് പ്രതികൾക്കു ക്വട്ടേഷൻ നടപ്പാക്കാൻ ഒത്താശ ചെയ്തു. മലപ്പുറത്തു പെൺകുട്ടി തിയറ്ററിൽ പീഡനത്തിനിരയായ പരാതി മുക്കിയ പൊലീസ്, മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് അനങ്ങിയത്. ഇതെല്ലാം ‘പരിണാമ യാത്രയിൽ’ എങ്ങനെ ഉൾപ്പെടുത്തുമെന്ന മറുചോദ്യം ചില ഉദ്യോഗസ്ഥർതന്നെ ഉന്നയിച്ചു.
നേട്ടങ്ങളുടെ പട്ടികയിൽ ജിഷ കേസ്, നടിയെ ആക്രമിച്ച കേസ്, എടിഎം തട്ടിപ്പു കേസ്, നന്തൻകോട്ടെ കൂട്ട കൊലപാതകം, നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പു കേസ് എന്നിവ നിരത്തിയിട്ടുണ്ട്. ഇക്കാലയളവിൽ നടന്ന എല്ലാ രാഷ്ട്രീയ കൊലപാതക കേസുകളും തെളിയിച്ചതായും പറയുന്നു.എന്നാൽ ജിഷ കൊലക്കേസ് അന്വേഷണം നടത്തിയത് കഴിഞ്ഞ ഡി ജി പി സെൻ കുമാറിന്റെ കാലത്താണ്.
ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ സെൻകുമാറിന്റെ സംഘവും പ്രതിയെ പിടികൂടുന്നതിൽ ബെഹ്രയുടെ സംഘവും തുല്യ പങ്കു വഹിച്ചു.
Post Your Comments