ചെന്നൈ: ബി.ജെ.പി സംസ്ഥാന അധ്യക്ഷയ്ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ യുവതി അറസ്റ്റിലായി. ബി.ജെ.പി. തമിഴ്നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനെ അസഭ്യം പറയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതിയാണ് അറസ്റ്റിലായത്. തിരുച്ചിറപ്പള്ളി മണപ്പാറ സ്വദേശിനിയായ സൂര്യാദേവിയെയാണ് (24) സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തൂത്തുക്കുടി പോലീസ് വെടിവെപ്പിനെ ന്യായീകരിച്ചതിന്റെ പേരിലാണ് തമിഴിസൈയ്ക്കെതിരേ സൂര്യദേവി രംഗത്തുവന്നത്. ഫെയ്സ്ബുക്ക് ലൈവിലൂടെ തമിഴിസൈയെ അസഭ്യം പറഞ്ഞ യുവതി പിന്നീട് ഈ വീഡിയോ വാട്സാപ്പ് മുഖേനെ പ്രചരിപ്പിക്കുകയായിരുന്നു.
സംസ്ഥാന ബി.ജെ.പി. നേതൃത്വം നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസെടുത്ത സൈബര്‍ പോലീസ് പ്രഥമികാന്വേഷണത്തിനുശേഷം സൂര്യദേവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയിലുടനീളം തമിഴിസൈയെ സൂര്യദേവി അസഭ്യം പറയുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്. രാജ എന്നിവരെ അധിക്ഷേപിക്കുന്ന മറ്റൊരു വീഡിയോയും യുവതി പ്രചരിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു.
ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന സൂര്യദേവി വിരുഗമ്പാക്കത്ത് താമസിച്ചുവരുകയായിരുന്നു. സെന്‍ട്രലിനടുത്ത് അല്ലിക്കുളത്തിലുള്ള ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് യുവതിയെ 15 ദിവസത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് പുഴല്‍ ജയിലിലടച്ചു.
Post Your Comments