തിരുവനന്തപുരം : നിപ രോഗികളെ അപമാനിക്കുന്ന തരത്തിൽ നിയമസഭയിൽ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. മറ്റു സഭാംഗങ്ങള്‍ അദ്ദേഹത്തെ കൗതുകത്തോടെ വീക്ഷിക്കുകയും കാര്യം ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
എംഎല്‍എയുടെ പ്രവർത്തി തീർത്തും അപഹാസ്യമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ഒന്നുകില്‍ അദ്ദേഹത്തിന് നിപാ ബാധയുണ്ടാകണം. അല്ലെങ്കില്‍ അത്തരത്തിലുള്ളവരുമായി അടുത്തിടപെഴക്കിയിട്ടുണ്ടാവണം. ഈ അവസരത്തിൽ അദ്ദേഹം നിയമസഭയിൽ വരാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സഭയിലെ മറ്റ് അംഗങ്ങൾ എംഎല്‍എ കോമാളി വേഷം കെട്ടിയതായി പരിഹസിച്ചു. വളരെ ഗൗരവമായ വിഷയത്തെ അപഹസിക്കുന്നതായിപ്പോയി എംഎല്‍എയുടെ ചെയ്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കോഴിക്കോട് ഇപ്പോള്‍ എല്ലാവരും ഇങ്ങനെയാണ് നടക്കുന്നത് ആ വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് അദ്ദേഹം ഈ രീതിയിൽ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാദിച്ചു.
Post Your Comments