India

യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം: മുന്‍ കാമുകന്‍ അറസ്റ്റില്‍

ചെന്നൈ: കാഞ്ചീപുരത്ത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ണാനഗറില്‍ താമസിക്കുന്ന പൊക്കിഷം എന്ന യുവതിയെ കൊന്ന് ചെങ്കപ്പെട്ടിന് സമീപം കൊണ്ടുപോയി തള്ളിയ സംഭവത്തില്‍ എം.ജി.ആര്‍. നഗര്‍ സ്വദേശി ബാലമുരുകനാണ്(26) അറസ്റ്റിലായത്. രണ്ടു മാസം മുമ്പ് പത്തനംതിട്ട റാന്നിയില്‍ കാണാതായ ജെസ്നയുടേതാണ് മൃതദേഹമെന്ന് സംശയിച്ചിരുന്നു. എന്നാല്‍ പിന്നീട് കേരള പൊലീസ് സംഘവും ജെസ്‌നയുടെ സഹോദരനും ഇത് സഹോദരിയുടെ അല്ലെന്നു സ്ഥിരീകരിച്ചിരുന്നു.

മൃതദേഹം ജെസ്നയുടേതല്ലെന്ന് ഉറപ്പുവരുത്തി കേരള പൊലീസ് സംഘം മടങ്ങിയതിനുശേഷം ചെന്നൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പൊക്കിഷമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് പൊക്കിഷത്തിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബാലമുരുകനെ അറസ്റ്റ് ചെയ്തത്. അണ്ണാനഗറിലെ വീട്ടില്‍നിന്ന് മെയ്‌ 26-ന് ബൈക്കില്‍ പുറത്തേക്കുപോയ പൊക്കിഷം കോയമ്പോട് വഴി എം.ജി.ആര്‍. നഗറിലെ ബാലമുരുകന്റെ വീട്ടിലെത്തുകയായിരുന്നെന്ന് മൊബൈല്‍ സിഗ്നലുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. തുടര്‍ന്നാണ് ബാലമുരുകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എം.ജി.ആര്‍. നഗറിലെ സ്വകാര്യഫാര്‍മസി ജീവനക്കാരനായ ബാലമുരുകനുമായി എട്ട് വര്‍ഷം അടുപ്പത്തിലായിരുന്നു പൊക്കിഷമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതിനിടെ മെയ്‌ 26-ന് ബാലമുരുകന്‍ പൊക്കിഷത്തെ തന്റെ സുഹൃത്തിന്റെ സഹായത്തോടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് പൊക്കിഷത്തെയും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും അറിയിച്ചു. ഇതുകേട്ട് പൊട്ടിത്തെറിച്ച പൊക്കിഷം വാഗ്വാദത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ യുവതിയെ കുക്കര്‍ ഉപയോഗിച്ച്‌ തലയ്ക്കടിച്ചു. അടിയുടെ ആഘാതത്തില്‍ മരിച്ച പൊക്കിഷത്തിന്റെ മൃതദേഹം കാരിബാഗിലാക്കി ചെങ്കല്‍പ്പെട്ടില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button