മലപ്പുറം: സൗദാബിയെയും മൂന്നു പെണ്മക്കളെയും കാണാതായതിനു പിന്നില്‍ സിദ്ധന്റെ ആസുത്രിത നീക്കങ്ങളെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ബ്ദുറഹ്മാന്‍ മുത്തുകോയ തങ്ങള്‍ (38) എന്ന സിദ്ധനെതിരെയും, എടക്കര സ്വദേശി ജാബിറി (36)നെതിരെയും കരിപ്പൂര്‍ പോലീസ് മനുഷ്യക്കടത്തിന് കേസെടുത്തു. സിദ്ധനും യുവതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന വാർത്ത പരന്നതോടെ ഇയാൾ യുവതിയുടെ വീട് സന്ദർശിക്കുന്നത് നിർത്തിയിരുന്നു. ഇതിൽ മനംനൊന്ത് തങ്ങൾ തീർത്ഥാടനകേന്ദ്രങ്ങളിൽ പോയതായിരുന്നു എന്നാണ് സൗദാബി മൊഴി നൽകിയത്.
Read Also: ദൈവികതയുടെ ധന്യ മുഹൂർത്തത്തിൽ മുല്ലശേരി പിതാവ് മെത്രാൻ സ്ഥാനത്തേക്ക്
എന്നാൽ ഇതെല്ലാം സിദ്ധന്റെ പദ്ധതിപ്രകാരമാണ് നടന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. സിദ്ധനും തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഇന്‍ഫോടെക് ജീവനക്കാരന് ജാബിറും ചേര്‍ന്നാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ജാബിര്‍ ഭാര്യയുമായി തിരുവനന്തപുരം ബീമാപള്ളിക്കു സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ സൗദാബിയെ കാണാതാകുന്നതിന് മുൻപ് ഇവർ കഴക്കൂട്ടത്തിനടുത്ത് ഫ്ലാറ്റെടുത്ത് താമസം മാറി. കുറച്ച് ദിവസങ്ങൾക്ക് ശേഷം സിദ്ധന്റെ നിര്‍ദ്ദേശപ്രകാരം മൊബൈൽ വീട്ടിൽ വെച്ച ശേഷം യുവതിയും കുട്ടികളും കൊണ്ടോട്ടിയിലെ ജാറത്തിനടുത്ത് എത്തുകയും ഈ സമയം ജാബിറും ഭാര്യയും അവിടെയെത്തുകയും ചെയ്തു. പിന്നീട് ഇവിടെ നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കുടുംബം നശിക്കുമെന്നും വലിയ നാശമുണ്ടാകുമെന്നും പറഞ്ഞായിരുന്നു സിദ്ധന് ഇവരെ ഭയപ്പെടുത്തിയിരുന്നു.
ഒന്നരമാസം മുൻപ് സൗദാബിയും ഭര്‍ത്താവും കുട്ടികളും സിദ്ധനോടൊപ്പം ബീമാപള്ളി ജാറത്തില്‍ എത്തിയിരുന്നു. ജാബിറിന്റെ വാടക വീട്ടിലായിരുന്നു അന്ന് ഇവര്‍ തങ്ങിയിരുന്നത്. ഇവിടെ വെച്ച് ജാബിറിന്റെ ഭാര്യ സൗദാബിയുടെ മകളെ സിദ്ധനു വേണ്ടി വിവാഹാലോചന നടത്തുകയുണ്ടായി. പെൺകുട്ടിയെ സിദ്ധന് വിവാഹം ചെയ്ത് നൽകണമെന്ന് താൻ സ്വപ്നം കണ്ടതായാണ് ഇവർ പറഞ്ഞത്. മുൻപ് ഇതേ രീതിയിൽ സ്വപ്നം കണ്ടതായി സൗദാബിയും പറഞ്ഞിരുന്നു. സൗദാബിയെ പൊലീസും കുടുംബാംഗങ്ങളും ചോദ്യം ചെയ്തപ്പോഴാണ് എല്ലാം സിദ്ധന് പറഞ്ഞ് ചെയ്യിക്കുകയായിരുന്നെന്ന് കണ്ടെത്തിയത്. സിദ്ധന്റെയും ജാബിറിന്റെ പങ്കിനെക്കുറിച്ച് സൂചനകിട്ടിയ പോലീസ് അന്വേഷണമാരംഭിച്ചപ്പോഴേക്കും ഇയാൾ സൗദാബിയെയും മക്കളെയും നാട്ടിലേക്ക് കയറ്റിവിടുകയുമായിരുന്നു.
Post Your Comments