കൊല്‍ക്കത്ത: ബി.ജെ.പി പ്രവര്‍ത്തകന്‍ എങ്ങിനെ മരിച്ചു എന്നതിനെ കുറിച്ച് പൊലീസിന്റെ സ്ഥിരീകരണം വന്നു. പശ്ചിമ ബംഗാളിലെ പുരുലിയയിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെയാണ് ബി.ജെ. പി പ്രവര്‍ത്തകനായ ദുലാല്‍ കുമാറിനെ (30) വൈദ്യുതപോസ്റ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് ദിവസത്തിനിടെ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സമാന രീതിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത് സംസ്ഥാനത്ത് ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നു.
ദഭയില്‍ പലചരക്കുകട നടത്തിയിരുന്ന ദുലാല്‍ കഴിഞ്ഞ ദിവസം കടയ്ക്ക് സമീപം താമസിക്കുന്ന പിതാവിന് ഭക്ഷണം കൊടുക്കാനായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ അടുത്ത ദിവസം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ദുലാലിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണമുന്നയിച്ച് ഇയാളുടെ കുടുംബവും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.
Post Your Comments