KeralaLatest News

2019 ൽ ജയിക്കാൻ ബാലനരേന്ദ്ര ചിത്രകഥകളും മോദി മുതലയെ പിടിച്ച വ്യാജവീരസ്യങ്ങളും കൊണ്ടാവില്ല ഭക്തരേ- എം.ബി രാജേഷ്‌ എം.പി

തിരുവനന്തപുരം•2019 ൽ ജയിക്കാൻ ബാലനരേന്ദ്ര ചിത്രകഥകളും മോദി മുതലയെ പിടിച്ച വ്യാജവീരസ്യങ്ങളും കൊണ്ടാവില്ലെന്ന് ബി.ജെ.പി അനുയായികളോട് എം.ബി രാജേഷ്‌ എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെമ്പ് തെളിഞ്ഞതായും രാജേഷ്‌ ഫേസ്ബുക്കില്‍ കുറിച്ചു.

മതനിരപേക്ഷ ശക്തികളുടെ ഏകീകരണമാണ് ചെങ്ങന്നൂരിലുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ചത് ജാതി-മതഭേദങ്ങൾക്കതീതമായി സർക്കാരിനും എൽ.ഡി.എഫ്.രാഷ്ട്രീയ നിലപാടുകൾക്കുമുള്ള അംഗീകാരമല്ലാതെ മറ്റെന്താണെന്ന് ചോദിച്ച രാജേഷ്‌ മറിച്ചുള്ള മാധ്യമ ദുർവായനകൾ ന്യൂസ്‌റൂം ഖാപ് പഞ്ചായത്തുകളുടെ ഇച്ഛാഭംഗത്തിന്റെ പ്രാകൃത പ്രകടനം മാത്രമാണെന്നും പറഞ്ഞു.

ചെങ്ങന്നൂരില്‍ മാത്രമല്ല, രാജ്യമാകെ ഉപതെരഞ്ഞെടുപ്പ് നടന്നിടത്തൊക്കെ സംഘികളുടെ ചാണക്യസൂത്രങ്ങൾ മണ്ണുകപ്പിയതാണ് കാഴ്ചയെന്നും രാജേഷ്‌ പറഞ്ഞു. ചെങ്ങന്നൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന 4 ലോക്‌സഭാ മണ്ഡലങ്ങളിലും 11 നിയമസഭാ മണ്ഡലങ്ങളിലും വെറും ഓരോന്ന് വീതമാണ് ബി.ജെ.പി കിട്ടിയത്. 2014 ൽ അധികാരത്തിലെത്തിയ ശേഷം ഇതുവരെ നടന്ന 10 ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളിൽ ആകെ നിലനിർത്തിയത് ഒരു സീറ്റ്. ഈ പത്തിൽ ആറു സീറ്റിലും ബി.ജെ.പി.ക്ക് ഒറ്റക്ക് 50 ശതമാനത്തിലേറെ വോട്ടണ്ടായിരുന്നു. ബാക്കി രണ്ടിൽ 50 ശതമാനത്തിനടുത്തും. ഈ എട്ടു സീറ്റുകളിൽ പ്രതിപക്ഷം ഒന്നിച്ചാലും 2014 ലെ വോട്ട് നിലനിർത്തിയാൽ ബി.ജെ.പി. ജയിക്കുമായിരുന്നെന്നർത്ഥം. അതായത് പ്രതിപക്ഷ യോജിപ്പ് മാത്രമല്ല ജനം മോദി ഭരണത്തിനെതിരായതാണ് പരാജയത്തിന്റെ യഥാർത്ഥ കാരണമെന്നും അദ്ദേഹം പറഞ്ഞു.

2014-ലെ തെരഞ്ഞെടുപ്പിന് ഒരു കൊല്ലം മുമ്പ് മൻമോഹന്റെ അതേ സ്ഥിതിയിലാണിപ്പോൾ മോദിയുടെ റേറ്റിങ്ങ് എന്നും സി.എസ്.ഡി.എസ്-ലോക്നീതി മൂഡ്‌ ഓഫ് ദി നേഷന്‍ സര്‍വേ ഫലം ചൂണ്ടിക്കാട്ടി രാജേഷ്‌ പറയുന്നു.

എം.ബി രാജേഷ്‌ എം.പിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം കാണാം

അൽപ്പം വൈകിയെങ്കിലും ചെങ്ങന്നൂരിനെയും കൈരാനയെയും കുറിച്ചു പറയാതിരിക്കാനാവില്ലല്ലോ.

‘ക്ലാസ്സ് മുറിയിലിരുന്ന് സ്വപ്‌നം കാണുന്നവർ ഭാഗ്യവാൻമാർ
അവർക്കവരുടെ സ്വപ്‌നങ്ങളെങ്കിലും നഷ്ടമാകുന്നില്ലല്ലോ’-സച്ചിദാനന്ദൻ
-(ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ആത്മഗതം)

‘മിസോറാമിലേക്കും ആന്ധ്രയിലേക്കും നാടുകടത്തപ്പെട്ടവർ ഭാഗ്യവാൻമാർ
അവർക്കവരുടെ ഭാവിയങ്കിലും നഷ്ടമാകുന്നില്ലല്ലോ’

ശോകമൂകമായിത്തീർന്ന ഇന്ദിരാഭവനിലും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ മുൻകൂർ സജ്ജമാക്കിക്കഴിഞ്ഞ നൂറുകോടിയുടെ ബഹുനിലമന്ദിരത്തിന്റെ പ്ലാനും സ്‌കെച്ചും നോക്കി നെടുവീർപ്പിടുന്ന മാരാർജി ഭവനിലും നിന്നുയരുന്ന ആത്മഗതങ്ങൾ ഇങ്ങനെയായിരിക്കും. ചെങ്ങന്നൂരങ്കം ജയിച്ച് ത്രിപുരക്കു പിന്നാലെ കേരളം കയ്യടക്കാനുള്ള അങ്കം കുറിക്കുന്നുവെന്ന് വീമ്പുപറഞ്ഞ സംഘപരിവാറിനും ആർ.എസ്.എസ്. പിന്തുണയോടെ ചെങ്ങന്നൂരിൽ സി.പി.എമ്മിനെ വിനയാന്വിതരാക്കാനുള്ള സംയുക്തസംരഭ ആഹ്വാനം നൽകിയ ആന്റണിയും ഗണപതി വിഗ്രഹം പോലെ സംഘിത്തലയും കോൺഗ്രസ് ഖദറുമായി പണ്ടു മുതലേ ജീവിച്ചുവരുന്ന ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള യു.ഡി.എഫിനും ഈ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് നിൽക്കുക അത്ര എളുപ്പമല്ലല്ലോ. പ്രതിപക്ഷ നേതാവിന്റെ ചെന്നിത്തലയിലും നാടിന്റെ ‘കൺമണി’ യുടെ വെൺമണിയിലും മുൻമുഖ്യന്റെ തറവാട്ടുമുറ്റത്തുമെന്നുവേണ്ട ഇടതുവിരുദ്ധശക്തികൾക്ക് ചെങ്ങന്നൂരാസകലം ഇടംവലമില്ലാത്ത പ്രഹരമാണല്ലോ കിട്ടിയത്.ഇനി പരാജിതരുടെ ദീനരോദനങ്ങൾ നോക്കൂ.

വർഗ്ഗീയകാർഡിറക്കിയെന്ന് ആന്റണി. ബി.ജെ.പി.യുമായി ധാരണയുണ്ടാക്കിയെന്ന് സ്ഥാനാർത്ഥി വിജയകുമാർ. അധികാരദുർവിനിയോഗം നടത്തിയെന്ന് ബി.ജെ.പി. കനത്ത തോൽവിയുടെ ആശയക്കുഴപ്പം മുഴുവൻ പരസ്പര വിരുദ്ധമായ ഈ വിലാപങ്ങളിലുണ്ട്. കോൺഗ്രസുകാരോടും ലീഗ്-കേരളകോൺഗ്രസുകാരോടും മാത്രമല്ല ആർ.എസ്.എസുകാരോടും സി.പി.എമ്മിനെതിരെ വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട ആന്റണിയുടെ വർഗ്ഗീയ കാർഡ് കീറിയെറിഞ്ഞ മതനിരപേക്ഷ ശക്തികളുടെ ഏകീകരണമാണ് ചെങ്ങന്നൂരിലുണ്ടായത്. ആർ.എസ്.എസ്. വോട്ട് വേണമെന്ന് പറഞ്ഞ ആന്റണിയും അതു വേണ്ടെന്നു പറഞ്ഞ കോടിയേരിയും രണ്ടു രാഷ്ട്രീയനിലപാടാണ് പ്രഖ്യാപിച്ചത്.

രണ്ടുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന് പിറന്നാൾ സമ്മാനമായി ലഭിച്ച ഈ ഗംഭീരവിജയം അധികാരദുർവ്വിനിയോഗത്തിന്റെ ഫലമെന്ന് ബി.ജെ.പി. ജനങ്ങൾക്കായി അധികാരം വിനിയോഗിക്കുന്നത് ദുർവ്വിനിയോഗമായി തോന്നുന്നതാണ് ബി.ജെ.പി.യുടെ ഗുരുതര രോഗം. അവർ ധരിച്ചുവശായിരിക്കുന്നത് അധികാരം കോർപ്പറേറ്റുകൾക്കു മാത്രമായി വിനിയോഗിക്കാനുള്ളതാണെന്നും അല്ലാത്തതെല്ലാം ദുർവ്വിനിയോഗമാണെന്നുമാണ്. വരാപ്പുഴ മുതൽ കെവിൻ വധം വരെയുള്ള സർക്കാർ വിരുദ്ധ പ്രചരണങ്ങളുടെ മൂർദ്ധന്യത്തിൽ തെരഞ്ഞെടുപ്പ് നടന്നിട്ടും എല്ലാ പഞ്ചായത്തിലും 90% ബൂത്തുകളിലും ലീഡ് നേടി, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ചത് ജാതി-മതഭേദങ്ങൾക്കതീതമായി സർക്കാരിനും എൽ.ഡി.എഫ്.രാഷ്ട്രീയ നിലപാടുകൾക്കുമുള്ള അംഗീകാരമല്ലാതെ മറ്റെന്താണ്. മറിച്ചുള്ള മാധ്യമ ദുർവായനകൾ ന്യൂസ്‌റൂം ഖാപ് പഞ്ചായത്തുകളുടെ ഇച്ഛാഭംഗത്തിന്റെ പ്രാകൃത പ്രകടനം മാത്രമാണ്.

മഹാഭാരതത്തിൽ ഇന്റർനെറ്റ് സെർച്ച് ചെയ്ത് കണ്ടെത്താൻ പാടുപെടുന്ന പരിഹാസ കഥാപാത്രത്തെ എഴുന്നള്ളിച്ച് ചെങ്ങന്നൂർ പിടിക്കാൻ വന്നവർ ‘വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!’ എന്ന മട്ടിലാണിപ്പോൾ. ഇവിടെ മാത്രമല്ല, രാജ്യമാകെ ഉപതെരഞ്ഞെടുപ്പ് നടന്നിടത്തൊക്കെ സംഘികളുടെ ചാണക്യസൂത്രങ്ങൾ മണ്ണുകപ്പിയതാണ് കാഴ്ച. ചെങ്ങന്നൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന 4 ലോക്‌സഭാ മണ്ഡലങ്ങളിലും 11 നിയമസഭാ മണ്ഡലങ്ങളിലും വെറും ഓരോന്ന് വീതമാണ് ഭാ.ജ.പ.ക്ക് കിട്ടിയത്. 2014 ൽ അധികാരത്തിലെത്തിയ ശേഷം ഇതുവരെ നടന്ന 10 ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളിൽ ആകെ നിലനിർത്തിയത് ഒരു സീറ്റ്. ഈ പത്തിൽ ആറു സീറ്റിലും ബി.ജെ.പി.ക്ക് ഒറ്റക്ക് 50 ശതമാനത്തിലേറെ വോട്ടണ്ടായിരുന്നു. ബാക്കി രണ്ടിൽ 50 ശതമാനത്തിനടുത്തും. ഈ എട്ടു സീറ്റുകളിൽ പ്രതിപക്ഷം ഒന്നിച്ചാലും 2014 ലെ വോട്ട് നിലനിർത്തിയാൽ ബി.ജെ.പി. ജയിക്കുമായിരുന്നെന്നർത്ഥം. അതായത് പ്രതിപക്ഷ യോജിപ്പ് മാത്രമല്ല ജനം മോദി ഭരണത്തിനെതിരായതാണ് പരാജയത്തിന്റെ യഥാർത്ഥ കാരണം. കണക്കുകൾ അന്ധഭക്തർക്കൊന്നും ന്യായീകരിക്കാനാവുന്നതല്ല. അൾവാറിൽ 35%, അജ്മീറിൽ 20%,ഗുരുദാസ്പൂരീൽ 22% ഉരുക്കുകോട്ടയായ ഗോരഖ്പൂരിൽ 9%. കൈരാനയിൽ 2014 ലെ ബി.ജെ.പി.യുടെ ഭൂരിപക്ഷം രണ്ട് ലക്ഷത്തിലേറെ. ഇത്തവണ തോറ്റത് അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്. നാലു കൊല്ലം കൊണ്ട് ജനത്തിനെ ഇങ്ങനെ വെറുപ്പിക്കാൻ മോദിക്കല്ലാതെ ആർക്കു കഴിയും? ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടായ ഈ സീറ്റുകൾ അവരുടെ ശക്തികേന്ദ്രമാണെന്നു മാത്രമല്ല 2014 ൽ ഏറ്റവും കൂടുതൽ സീറ്റ് അവർക്ക് നൽകിയ, ബി.ജെ.പി.സ്വാധീന മേഖലകളായ 6 സംസ്ഥാനങ്ങളിലുള്ളവയാണ്. ഇവിടുന്നാണ് ലോക്‌സഭയിലെ 40% സീറ്റുകളും എന്നുമോർക്കുക. ബാക്കിയുള്ളിടത്ത് ബി.ജെ.പി. നേരത്തെ തന്നെ ദുർബ്ബലമാണ്. ബി.ജെ.പി.യുടെ വർഗ്ഗീയ ധ്രുവീകരണ പദ്ധതിയിൽ മുഖ്യസ്ഥാനമായിരുന്നു കൈരാനക്കുണ്ടായിരുന്നത്. വർഗ്ഗീയമായ ഭിന്നിപ്പുകൾ കൊണ്ടും മോദിസ്തുതി കൊണ്ടും 2019 ജയിക്കാനാവില്ല എന്ന യാഥാർത്ഥ്യത്തിലേക്കാണിതെല്ലാം വിരൽ ചുണ്ടൂന്നത്. മോദി ഭരണത്തിൽ പൊറുതിമുട്ടിയ ജനം തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നു. ഉത്തരേന്ത്യയിൽ പടരുന്ന കർഷകപ്രക്ഷോഭത്തിന്റെ വാർത്തയാണ് ഇതെഴുതുമ്പോൾ മുന്നിൽ. ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന കൃഷിക്കാർ വില ഇടിഞ്ഞ ഉൽപ്പന്നങ്ങൾ റോഡിൽ തള്ളുന്നു. കൈരാനയിൽ തോറ്റതിന്റെ പ്രതികാരമെന്ന പോലെ പാചകവാതകത്തിന് ഒറ്റയടിക്ക് 48 രൂപ കൂട്ടുകയാണല്ലോ മോദി ചെയ്തത്. ഏതാനും ദിവസം മുമ്പാണല്ലോ CSDS-ലോക്‌നീതി mood of the nation സർവേ വന്നത്. 2014-ലെ തെരഞ്ഞെടുപ്പിന് ഒരു കൊല്ലം മുമ്പ് മൻമോഹന്റെ അതേ സ്ഥിതിയിലാണിപ്പോൾ മോദിയുടെ റേറ്റിങ്ങ് എന്ന് സർവ്വേ പറയുന്നു.

2019 ൽ ജയിക്കാൻ ബാലനരേന്ദ്ര ചിത്രകഥകളും മോദി മുതലയെ പിടിച്ച വ്യാജവീരസ്യങ്ങളും കൊണ്ടാവില്ല ഭക്തരേ. മോദിയുടെ ചെമ്പ് പുറത്തായിക്കഴിഞ്ഞു കൂട്ടരേ.

വാൽക്കഷണം: കേരളത്തിലെ സംഘികൾക്ക് ആശ്വസിക്കാം. മോദിയുടെയും ഷായുടെയും തന്നെ കളസം കീറിയിരിക്കുമ്പോൾ ചെങ്ങന്നൂരിനെക്കുറിച്ചൊന്നും ചോദിക്കാൻ ദില്ലിയിൽ നിന്നുള്ള ഗോസായിമാരൊന്നും വരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button